സ്പില്‍ബര്‍ഗിന് റഹ്മാന്‍ പ്രണയം!

തിങ്കള്‍, 18 ജനുവരി 2010 (12:55 IST)
PRO
PRO
ജുറാസിക്ക് പാര്‍ക്ക്, ലോസ്റ്റ് വേള്‍ഡ്, ജാസ്, ഇ ടി, ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് തുടങ്ങിയ ഹോളിവുഡ് സിനിമകളിലൂടെ ലോകസിനിമയിലെ ഏറ്റവും നല്ല സം‌വിധായകനും നിര്‍മാതാവും താനാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള സ്റ്റിവന്‍ സ്പില്‍‌ബെര്‍ഗ് മനസില്‍ കൊണ്ടുനടക്കുന്ന ഒരാഗ്രഹമുണ്ട് - ഇന്ത്യന്‍ സിനിമയിലെ സംഗീത ചക്രവര്‍ത്തിയായ എ‌ആര്‍ റഹ്മാനൊപ്പം ഒരു വട്ടമെങ്കിലും സഹകരിച്ച് പ്രവര്‍ത്തിക്കണം! ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സ്പില്‍ബെര്‍ഗ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

“അടിസ്ഥാനപരമായി ഞാനൊരു സയന്‍സ് ഫിക്ഷന്‍/സാങ്കേതികവിദ്യാ സിനിമകളുടെ സം‌വിധായകനാണ്. ഇന്ത്യന്‍ സിനിമകള്‍ ഞാന്‍ കാണാറില്ലെങ്കിലും എന്തൊക്കെയാണ് ഇന്ത്യന്‍ സിനിമാ രംഗത്ത് നടക്കുന്നതെന്ന് എനിക്ക് അറിയാം. എന്നാല്‍, എ‌ആര്‍ റഹ്മാന്റെ സംഗീതം എനിക്ക് ഇഷ്ടമാണ്. ഞാനവ ഇടക്കിടെ കേള്‍‌ക്കാറുമുണ്ട്. എന്റെ സിനിമയില്‍ ഇന്ത്യന്‍ സിനിമാ രംഗത്തെ സംഗീത ചക്രവര്‍ത്തിയായ എ‌ആര്‍ റഹ്മാനെ സഹകരിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. സമീപ ഭാവിയില്‍ തന്നെ അത് നടക്കാം” - സ്പില്‍‌ബെര്‍ഗ് പറയുന്നു.

ലോകോത്തര സിനിമകള്‍ നിര്‍മിക്കാനായി അനില്‍ അം‌ബാനിയുടെ ബിഗ് എന്റര്‍‌ടെയിന്‍‌മെന്റും സ്റ്റീവന്‍ സ്പില്‍‌ബെര്‍ഗും സഹകരിക്കുന്നത് വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്റ്റീവന്‍ സ്പില്‍‌ബെര്‍ഗിന്റെ കമ്പനിയായ ഡ്രീം‌വര്‍ക്ക്‌സില്‍ വന്‍ നിക്ഷേപമാണ് അനില്‍ അംബാനി നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, സ്പില്‍‌ബെര്‍ഗിന്റെ റഹ്മാന്‍ പ്രണയത്തിന് പ്രാധാന്യമേറുന്നത്.

ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള എ‌ആര്‍ റഹ്മാനും സംവിധായകരുടെ സംവിധായകനായ സ്റ്റീവന്‍ സ്പില്‍‌ബെര്‍ഗും ഒന്നിക്കുന്നത് എപ്പോഴാണെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍.

വെബ്ദുനിയ വായിക്കുക