കാതറീനയുടെ പുതിയ ലുക്ക്

മറ്റ് നടിമാരെ പോലെയല്ല ഹോളീവുഡ് താരം കാതറീന സെറ്റാ ജോണ്‍സ്. എല്ലാ കാര്യത്തിലും അവര്‍ക്ക് അവരുടേതായ ഒരു തനിമയുണ്ട്. സൌന്ദര്യ പരിപാലനത്തിലും അതേ. മുപ്പത്തെട്ടുകാരിയായിട്ടും സൌന്ദര്യ സങ്കല്‍പ്പത്തില്‍ യുവനടിമാരെ പോലും കടത്തിവെട്ടി കൂടുതല്‍ സ്ലിമ്മായിട്ടാണ് താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടത്.

ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി താരം എത്തിയപ്പോള്‍ തടി കുറച്ച് സ്ലിമ്മായി കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു. തടികുറച്ചതെങ്ങനെ എന്ന ചോദ്യത്തിനു കഠിനാദ്ധ്വാനത്തിന്‍റെ ഒരു നീണ്ട പട്ടികയാണ് താരം മുന്നിലേക്കിട്ടത്. ആദ്യ പ്രസവത്തിനു ശേഷം തടി കൂടിപോയ താരം വണ്ണം കുറയ്‌ക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നത്രേ.

പ്രസവത്തിനും വിശ്രമത്തിനും ശേഷം താരം നൃത്ത പരിശീലനം തന്നെ പ്രധാന ആയുധമാക്കുകയായിരുന്നു. ഇതൊരു വീമ്പു പറച്ചിലായിട്ടൊന്നും ആരും കണക്കാക്കേണ്ട. കാരണം കാതറീന ഹോളീവുഡിലേക്ക് എത്തുന്നതിനു മുമ്പ് മികച്ച ഒരു നൃത്തക്കാരിയാണെന്ന് അറിയാത്തവര്‍ ഹോളീവുഡിലില്ല. ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന സ്റ്റേജിലെ അഭിനയത്തില്‍ നിന്നായിരുന്നു അവര്‍ ക്യാമറയ്‌ക്ക് മുന്നിലെത്തിയത്.

“ഒരു കുട്ടി ആയതിനു ശേഷം പഴയ ശരീരത്തിലേക്കു തിരിച്ചെത്തുക എന്ന കാര്യത്തില്‍ അമേരിക്കന്‍ നടിമാര്‍ക്കിടയില്‍ ഒരു മത്സരം തന്നെയുണ്ട്. എന്നാല്‍ നൃത്തവുമായി വളര്‍ന്ന എനിക്ക് കാര്യമായി ശരീര ഭാരം നഷ്ടപ്പെടുത്താതെ തന്നെ സൌന്ദര്യം എങ്ങനെ കാത്തു സൂക്ഷിക്കണമെന്നു നന്നായിട്ടറിയാം.” ഡയ്‌ലി മെയിലിനോട് താരം പറയുന്നു.

വെബ്ദുനിയ വായിക്കുക