കേരളീയ സംസ്കാരത്തിന്റെ മൂര്‍ത്തിമത്ത് ഭാവമായി വിശേഷിപ്പിക്കാവുന്ന അനുഷ്ഠാന കലാരൂപമാണ് പടയണി പടേനി എനും ഇതിനു വിളിപ്പേരുണ്ട്.
മറ്റ് അനുഷ്ഠാനകലാരൂപങ്ങള്‍ക്കുണ്ടായതുപോലെ ഇതിന്റെ പ്രചാരവും പ്രസക്തിയും കുറഞ്ഞുവരികയാണ്. തൃശൂര്‍, ആലപ്പുഴ,പത്തനം തിട്ട.കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളില്‍ ഉത്സവക്കാലത്ത് മാത്രമാണിപ്പോള്‍ പടയണി അരങ്ങേറുന്നത്.
ഗ്രാമ്യ സംസ്കാരത്തിന്റെ തനിമയും പ്രാചീന കലാവിരുതുകളുടെ പ്രയോഗവും പടയണിയെ മറ്റു കലകളില്‍ നിന്നു വിഭിന്നമാക്കുന്നു. പ്രകൃതത്തിലില്ലെങ്കിലും ഇക്കാര്യത്തില്‍ പടേണി എന്ന പടയണിക്കു വടക്കന്‍ മലബാറിലെ തെയ്യങ്ങളുമായി സാമ്യം കണാം. അണയാത്ത തീജ്വാലയാണ് പടയണിയില്‍ ആദ്യന്തം നിറഞ്ഞുനില്ക്കുന്ന ഘടകം. വെളിച്ചംപ്പോലെതന്നെ ശബ്ദവും പടയണിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.
കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കേരളീയരുടെ മനസ്സിലെത്തുന്നത്. മലയാളികളുടെ പ്രിയകവി കടമ്മനിട്ട രാമകൃഷ്ണന് തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചതാണിതിനു കാരണം. കടമ്മനിട്ട കവിതകളിലെ പടയണിപ്പാട്ടിന്റേയും തപ്പിന്റേയും താളം ജനമനസുകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നത്. കമുകിന്‍പാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയില്‍ ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍കൊണ്ടു കൂട്ടിയോജിപ്പിച്ച് കലാഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വര്‍ണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞള്‍ എന്നിവ കൊണ്ട് കലാകാരന്മാര് ചായക്കൂട്ടുകള്‍ ഉണ്ടാക്കി ആ നിറക്കൂട്ടുകളാല്‍ ചിത്രകാരന്മാര് നിയതരൂപങ്ങള്‍ അവയില്‍ എഴുതുന്നു.
അങ്ങനെ എഴുതുന്ന കോലങ്ങള്‍ തുള്ളല്‍ കലാകാരന്മാര് തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലന്‍കോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.
വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടന്‍കോലവും കെട്ടുന്നു.
ഭിന്ന ദേശങ്ങളില്‍ നിന്നുള്ള കാവുകളില്‍ നിന്നാണ് പടയണി ആരംഭിക്കുന്നത്. അവര്‍ ഒത്തുചേര്‍ന്ന് വലിയ പടയണിയായി ക്ഷേത്രത്തില്‍ എത്തി പ്രദക്ഷിണം വയ്ക്കുന്നു. അവസാനത്തെ രണ്ടു ദിവസം പുറപ്പടേനിയാണ്.
പുറപ്പടയണിയില്‍ കാപ്പിലി, വിനോദക്കാരന്‍, പരദേശി എന്നിങ്ങനെ പല വേഷക്കാര്‍ പ്രത്യക്ഷപ്പെടുന്നു. ചൂട്ടുക്കറ്റയില്‍ ജ്വലിക്കുന്ന അഗ്നി ജ്വാലയുമായി കാവിന് വലം വച്ച് കൊട്ടിക്കേറ്റുന്നതോടെ മാത്രമേ പടയണിച്ചടങ്ങുകള്‍ അവസാനിക്കുകയുള്ളൂ.