കാക്കശ്ശേരി ഭട്ടതിരി

കോഴിക്കോട്ടെ രേവതി പട്ടത്താനം പണ്ഡിത സഭയില്‍ മഹാ പണ്ഡിതനായിരുന്ന ഉദ്ദണ്ഡ ശാസ്ത്രികളെ മത്സരത്തില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ച് യുവ ബ്രാഹ്മണനായിരുന്നു കാക്കശ്ശേരി ഭട്ടതിരി. ഗുരുവായൂരിനടുത്തുള്ള മുക്കൂട്ടുതലയായിരുന്നു സ്വദേശം കൊല്ലവര്‍ഷം 600 നും 700 ഇടക്കായിരുന്നു ജീവിത കാലം.

കാക്കശ്ശേരി ഭട്ടതിരി ഗര്‍ഭശ്രീമാന്‍ ആയിരുന്നു എന്നും പറയാം.

ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിക്കാന്‍ വഴിതേടി ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ച് ഗുരുവായൂരില്‍ തമ്പടിച്ചിരുന്ന മലയാള ബ്രാഹ്മണര്‍ മുക്കൂട്ടുതലയിലെ ഒരു അന്തര്‍ജ്ജനത്തിന് ഗര്‍ഭശങ്കയുണ്ട് എന്നറിഞ്ഞ് അവിടെച്ചെന്ന് ബാല എന്ന ദിവ്യമന്ത്രം കൊണ്ട് വെണ്ണ ജപിച്ച് പ്രസവിക്കുന്നതു വരെ ആ അന്തര്‍ജ്ജനത്തിനു നല്‍കി. അവര്‍ പ്രസവിച്ച ഉണ്ണിയാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരില്‍ പ്രസിദ്ധനായത്.

ദിവസേന കാണുന്ന കാക്കകളെ പോലും തിരിച്ചറിയാന്‍ കുട്ടിക്കാലത്തേ ഈ ഭട്ടതിരിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരു പോലും വന്നതെന്ന് ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുന്നത്.

മൂന്നാം വയസില്‍ എഴുത്തിനിരുത്തി അഞ്ചാം വയസ്സില്‍ ഉപനയനം ചെയ്ത ഭട്ടതിരി ചെറുപ്പം മുതലേ ബുദ്ധിരാക്ഷസനായിരുന്നു. സമാവര്‍ത്തനം കഴിയും മുമ്പ് തന്നെ അദ്ദേഹം സര്‍വ്വജ്ഞനും വാഗ്മിയും യുക്തിമാനുമായിത്തീര്‍ന്നു.


കോഴിക്കോട്ടെ രേവതി പട്ടത്താനത്തിന് ഉദ്ദണ്ഡശാസ്ത്രികളുമായി മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഭട്ടതിരി പൂച്ചയെ വളര്‍ത്താന്‍ തുടങ്ങി.

അതിനു കാരണം മത്സരത്തിനെത്തിയപ്പോഴാണ് മറ്റുള്ളവര്‍ക്ക് മനസ്സിലായത്. ഉദ്ദണ്ഡ ശാസ്ത്രികളെ തുടക്കത്തിലേ മാനസികമായി തോല്‍പ്പിക്കാനുള്ള ഒരു തന്ത്രമായിരുന്നു അത്. കാരണം, ശാസ്ത്രികളുടെ ഭാഗം വാദിക്കാന്‍ അദ്ദേഹം ഒരു തത്തയെ മുന്‍‌നിര്‍ത്താറുണ്ട്. ഇതിനു ബദലായാണ് കാക്കശ്ശേരി ഭട്ടതിരി തന്‍റെ ഭാഗം വാദിക്കാനെന്നോണം ഒരു പൂച്ചയെ മുന്‍‌നിര്‍ത്തിയത്.

മത്സരവേദിയിലേക്ക് എത്തിയ ‘കുട്ടി ഭട്ടതിരി’യെ കണ്ട് ശാസ്ത്രികള്‍ ചോദിച്ചുവത്രെ, ‘മത്സരിക്കാനാണോ?’ എന്ന്. അതെ എന്ന് ഉത്തരം കിട്ടിയപ്പോള്‍ അദ്ദേഹം പരിഹസിച്ചു, ‘ആകാരോ ഹൃസ്വ - ആളൊരു കുള്ളനാണല്ലോ എന്ന്’.

അപ്പോള്‍ കുട്ടി ഉടനേ മറുപടി പറഞ്ഞു, നഹി നഹി ആകാരോ ദീര്‍ഘ: അകാരോ ഹ്രസ്വഹ (ആകാരം - ആ എന്ന അക്ഷരം ദീര്‍ഘമാണ്, അ എന്ന അക്ഷരമാണ് ഹ്രസ്വം). ഇത് കേട്ടപ്പോള്‍ തന്നെ ശാസ്ത്രികള്‍ തോറ്റുതുടങ്ങിയിരുന്നു.

വാദം തുടങ്ങിയപ്പോള്‍ ശാസ്ത്രികള്‍ കിളിയെ എടുത്ത് മുന്നില്‍ വച്ചു. ഭട്ടതിരി സഞ്ചിയില്‍ നിന്ന് പൂച്ചയേയും. തത്ത പറന്നു രക്ഷപെട്ടു എന്ന് പറയേണ്ടതില്ലല്ലോ! അതോടെ ശാസ്ത്രികള്‍ മാനസികമായി തളരുക തന്നെ ചെയ്തു. വാദങ്ങള്‍ ഓരോന്നും ജയിച്ചു. 108 കിഴികളും ഭട്ടതിരി നേടി.

ഒടുവില്‍ വയോവൃദ്ധനുള്ള ഒരു കിഴിക്ക് അര്‍ഹത തനിക്കാണെന്ന് ശാസ്ത്രികള്‍ വാദിച്ചു നോക്കി. അപ്പോള്‍ വയസ്സിന്‍റെ ആധിക്യമാണു കണക്കാക്കുന്നതെങ്കില്‍ അത് കിട്ടേണ്ടത് തന്‍റെ കൂടെവന്ന 85 കാരനായ ഭൃത്യനാണെന്ന് ഭട്ടതിരി. ഞ്ജാനവാര്‍ദ്ധക്യമാണ് നോക്കുന്നതെങ്കില്‍ അതിനും അര്‍ഹത തനിക്കാണ്. അത് തെളിയിച്ചുകഴിഞ്ഞുവല്ലോ എന്ന് കാക്കശ്ശേരി ഭട്ടതിരി തിരിച്ചടിച്ചു. നൂറ്റൊമ്പതാമത്തെ കിഴിയും കൈപ്പറ്റി.


വാദത്തില്‍ ഭട്ടതിരി ജയിച്ചപ്പോള്‍ ശ്ലോകത്തിന്‍റെ അര്‍ത്ഥം പറയുന്നതിലായി മത്സരം. രഘുവംശം കാവ്യത്തിലെ ആദ്യത്തെ ശ്ലോകത്തിന് അര്‍ത്ഥം പറയാന്‍ ശാസ്ത്രികളോട് ആവശ്യപ്പെട്ടു. ശാസ്ത്രികള്‍ നാലു തരത്തില്‍ ശ്ലോകത്തെ വ്യാഖ്യാനിച്ച് അര്‍ത്ഥം പറഞ്ഞു. ഭട്ടതിരിയാവട്ടെ മറുപടിയായി എട്ടു തരത്തില്‍ അര്‍ത്ഥം നല്‍കി.

ഇതോടെയാണ് ‘ദുഷ്‌കവികളാവുന്ന ആനകളേ ഓടിക്കൊള്ളൂ, എന്തെന്നാല്‍ വേദാന്തമാവുന്ന കാട്ടില്‍ കഴിയുന്ന ഉദ്ദണ്ഡനാവുന്ന സിംഹമിതാ വന്നു കഴിഞ്ഞു എന്ന ഔദ്ധത്യത്തോടെ രേവതി പട്ടത്താനത്തിനു വന്നിരുന്ന ശാസ്ത്രികള്‍ തോറ്റുമടങ്ങിയത്.

പിന്നീട് പലതവണയും ശാസ്ത്രികളും ഭട്ടതിരിയും ഏറ്റുമുട്ടിയപ്പോഴും ഭട്ടതിരിക്ക് മടങ്ങേണ്ടി വന്നിട്ടില്ല. പിന്നീട് ഇവര്‍ തമ്മിലുള്ള വാദ പ്രതിവാദങ്ങളില്‍ കുറേശ്ശെ അശ്ലീലവും അസഭ്യവും കയറി വന്നതായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ പറയുന്നുണ്ട്.

രേവതീ പട്ടത്താനത്തിലെ എല്ലാ കിഴിയും കാക്കശ്ശേരി ഭട്ടതിരി പതിവായി വാങ്ങിത്തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടുവന്ന നമ്പൂതിരിമാര്‍ക്കും അസൂയയും കുശുമ്പും വര്‍ദ്ധിച്ചു.

ഇയാളെ എങ്ങനെ ഒഴിവാക്കാം എന്നവര്‍ ചിന്തിച്ചു. അതു മനസ്സില്‍ വച്ച് അവര്‍ ചോദിച്ചു,

‘ആപദി കിം കരണീയം” (ആപത്തില്‍ എന്താണു ചെയ്യേണ്ടത്).
ഭട്ടതിരി മറുപടി പറഞ്ഞു, സ്മരണീയം ചരണയുഗളമംബായാം ( ദേവിയുടെ പാദങ്ങളെ സ്മരിക്കണം).

ബ്രാഹ്മണര്‍, ‘തല്‍‌സ്മരണം കിം കുരുതേ?’ (അങ്ങനെ സ്മരിക്കുന്നതു കൊണ്ട് എന്തുണ്ടാവും).
‘ബ്രഹ്മാദിനപി ച കിം കരികുരുതേ’ (ബ്രഹ്മാവു മുതലായവരെ കൂടിയും ഭൃത്യന്‍‌മാരാക്കി തീര്‍ക്കും)

എന്നായിരുന്നു ഭട്ടതിരിയുടെ മറുപടി. ഉടനേ ബ്രാഹ്മണര്‍ പത്മമിട്ട് ഭഗവതിയെ പൂജിക്കുകയും 41 ദിവസത്തെ ഭഗവതി സേവയ്ക്കൊടുവില്‍ ഭട്ടതിരി അവിടെയെത്തി വെള്ളം വാങ്ങിക്കുടിച്ച് എങ്ങോ മറയുകയും ചെയ്തു എന്നുമാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക