മൈഗ്രേന്‍ വേദന രൂക്ഷമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

വ്യാഴം, 10 ജൂണ്‍ 2021 (14:23 IST)
മൈഗ്രേന്‍ തലവേദന മറ്റ് വേദനകളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണമായി വെറുത്തിട്ടുണ്ടാകും. എത്രയൊക്കെ ഡോക്ടര്‍മാരെ കാണിച്ചിട്ടും മൈഗ്രേന്‍ തലവേദന മാറാത്ത ഒരുപാട് പേരുണ്ട്. ഇടയ്ക്കിടെ മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന രൂക്ഷമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. 
 
മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍ പയറ്റിനോക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. മനസിനെ സ്വസ്ഥമാക്കുക. സമ്മര്‍ദം കൂട്ടുന്ന കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുക. മൈഗ്രേന്‍ തലവേദനയുള്ളവര്‍ ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഭക്ഷണത്തില്‍ മസാലകളുടെ സാന്നിധ്യം പരമാവധി കുറയ്ക്കണം. മസാലയുടെ ഗന്ധവും രുചിയും മൈഗ്രേന്‍ തലവേദന ഇരട്ടിയാക്കും. ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉചിതം. ധാരാളം വെള്ളം കുടിക്കുക. 
 
ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അരുത്. ഏഴ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് നല്ലത്. വെയിലത്ത് നടക്കുന്നത് പരമാവധി ഒഴിവാക്കുക. വെയില്‍ ഉള്ള സമയത്ത് യാത്ര ചെയ്യുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കണം. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് തുടങ്ങി ഇലക്ട്രിക് ഗാഡ്‌ജെറ്റുകളുടെ ഉപയോഗം കുറയ്ക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കണമെങ്കില്‍ തന്നെ അവയുടെ തെളിച്ചം നന്നായി കുറയ്ക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍