അപൂർവമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ്. മ്യൂക്കോർമൈസെറ്റിസ് എന്ന ഫംഗസാണ് രോഗം പരത്തുന്നത്. ഈ ഫംഗസിന് വായുവിൽ ജീവിക്കാൻ കഴിയും. വായുവിലൂടെയാണ് ഫംഗസ് ശരീരത്തിലെത്തുക. മുഖ്യമായി ശരീരത്തിലെ മുറിവോ പൊള്ളലേൽക്കുകയോ ചെയ്‌താലാണ് അനുബാധയേൽക്കുകയെന്ന് അമേരിക്കൻ സെന്റർ ഫോർ ഡിസീസസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു. ചിലരിൽ കാഴ്‌ച്ച നഷ്ടപ്പെടാനും രോഗം കാരണമാകുന്നു.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകൾ പ്രതിരോധ ശേഷിയേയും ബാധിക്കും. ഇതാണ് കൊവിഡ് ഭേദമായവരെ ഫംഗസ് ബാധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.