What is Influenza Virus H3N2: കോവിഡ് പോലെ പടരും, പ്രായമായവര്‍ ജാഗ്രത പുലര്‍ത്തണം; പുതിയ വൈറസിനെ കുറിച്ച് അറിയാം

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2023 (10:39 IST)
H3N2 Influenza Virus: കോവിഡിന് പിന്നാലെ ഭീതി പരത്തി H3N2 ഇന്‍ഫ്‌ളുവന്‍സ വൈറസ്. കോവിഡിന് സമാനമായ രോഗലക്ഷണങ്ങളാണെങ്കിലും H3N2 വിന് കോവിഡുമായി ബന്ധമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പനിയോടു കൂടിയ ചുമയും ശ്വാസ തടസ്സവുമാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍. രോഗബാധിതര്‍ ഉടന്‍ വൈദ്യസഹായം തേടണം. പനിക്ക് സ്വയം ചികിത്സ ഒഴിവാക്കണം. എല്ലാ വര്‍ഷവും ഈ സമയത്ത് പകര്‍ച്ചപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് എയിംസ്-ഡല്‍ഹി മുന്‍ ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. 
 
തൊണ്ടവേദന, ചുമ, ശരീരവേദന, മൂക്കൊലിപ്പ് എന്നിവയോടു കൂടിയ പനിയാണ് സാധാരണ H3N2 രോഗികളില്‍ കാണുന്നത്. വൈറസിന് പരിവര്‍ത്തനം സംഭവിക്കുകയും വൈറസിനെതിരായ ജനങ്ങളുടെ പ്രതിരോധശേഷി കുറയുകയും ചെയ്തതിനാലാണ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുന്നത്. വൈറസിനെതിരായ പ്രതിരോധശേഷി ആളുകളില്‍ കുറവാണെന്നും അതിനാല്‍ എളുപ്പത്തില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു. 
 
ഇന്‍ഫ്‌ളുവന്‍സ വൈറസുകളുടെ ഒരു കുടുംബത്തില്‍ നിന്നാണ് H3N2 വൈറസ് വരുന്നത്. എല്ലാ വര്‍ഷവും വൈറസിന് മാറ്റങ്ങള്‍ സംഭവിക്കാം. വലിയ തോതില്‍ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 
 
പ്രായമായവരില്‍ വൈറസ് വേഗം പ്രവേശിക്കാന്‍ സാധ്യത കൂടുതലാണ്. തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കുകയും കൃത്യമായ ഇടവേളകളില്‍ കൈകള്‍ വൃത്തിയായി കഴുകുകയും ചെയ്യണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഹൃദ്രോഗികള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ അല്ലെങ്കില്‍ ഡയാലിസിസിന് വിധേയരാകുന്നവര്‍ എന്നിവരെല്ലാം അതിവേഗം വൈറസ് ബാധിക്കാന്‍ സാധ്യതയുള്ളവരാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article