മഴ നനഞ്ഞാല്‍ ഉടന്‍ കുളിക്കുക; ഗുണം ചില്ലറയല്ല !

ബുധന്‍, 5 ജൂലൈ 2023 (10:08 IST)
മഴക്കാലമാണ്, ജലദോഷ പനി മുതല്‍ ഡെങ്കിപ്പനി വരെ വിവിധ പനികള്‍ പടരുന്ന സീസണ്‍. ഇക്കാലയളവില്‍ അതീവ ജാഗ്രത പാലിക്കണം. രോഗപ്രതിരോധ ശേഷി വര്‍ധിക്കാനുള്ള ഭക്ഷണങ്ങള്‍ ആയിരിക്കണം ഈ സമയത്ത് കഴിക്കേണ്ടത്. മഴക്കാലമായതുകൊണ്ട് തന്നെ യാത്ര ചെയ്യുന്നതിനിടയില്‍ മഴ നനയാന്‍ സാധ്യത വളരെ കൂടുതലാണ്. അങ്ങനെ മഴ നനഞ്ഞാല്‍ വീട്ടിലെത്തി ഉടന്‍ കുളിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. അല്ലെങ്കില്‍ പനി അടക്കമുള്ള അസുഖങ്ങള്‍ പെട്ടന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. 
 
മഴ നനയുന്നതുകൊണ്ടല്ല യഥാര്‍ഥത്തില്‍ പനി വരുന്നത്. പകരം മഴ നനയുമ്പോള്‍ ശരീര താപനിലയില്‍ വ്യത്യാസം വരുന്നു. ശരീര താപനില മാറുമ്പോള്‍ ചുമയ്ക്കും ജലദോഷത്തിനും കാരണമായ മിക്ക വൈറസുകള്‍ക്കും ശരീരത്തെ ആക്രമിക്കാന്‍ എളുപ്പമാണ്. എന്നാല്‍ മഴ നനഞ്ഞ ശേഷം ഉടന്‍ കുളിക്കുകയാണെങ്കില്‍ ശരീരം സാധാരണ താപനിലയിലേക്ക് ഉടന്‍ തിരിച്ചെത്തും. ഇത് വൈറസ് ആക്രമണത്തെ ചെറുക്കാന്‍ സഹായിക്കും. ഇതിനു പുറമേ മഴ നനഞ്ഞതിലൂടെ ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രോഗാണുക്കളെ കഴുകി കളയാനും കുളിയിലൂടെ സാധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍