കടുത്ത ചൂടിനൊപ്പം സംസ്ഥാനത്ത് ചിക്കന്‍ പോക്‌സും പടരുന്നു, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അഭിറാം മനോഹർ

ഞായര്‍, 3 മാര്‍ച്ച് 2024 (12:49 IST)
കടുത്ത ചൂടിനൊപ്പം സംസ്ഥാനത്ത് ചിക്കന്‍ പോക്‌സും വ്യാപകമാകുന്നു. മലപ്പുറം,കോട്ടയം,തിരുവനന്തപുരം ജില്ലകളിലാണ് ചിക്കന്‍പോക്‌സ് കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കൂളുകളില്‍ ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ തന്നെ അതുവഴി രോഗം പടരാനിടയില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.
 
ഇത്തവണ ചൂട് നേരത്തെ എത്തിയതിനാലാണ് പല ജില്ലകളിലും ചിക്കന്‍ പോക്‌സും മുണ്ടിനീരും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് വ്യാപകമായ തോതിലില്ലെന്ന് മലപ്പുറം ഡിഇഒ ആര്‍ രേണുക പറഞ്ഞു. എങ്കിലും പ്രമേഹമുള്ളവരും പ്രായം കൂടിയവരും ചിക്കന്‍പോക്‌സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
 
ചിക്കന്‍പോക്‌സ് പിടിപ്പെടുന്നവര്‍ക്ക് പ്രത്യേക കാഷ്വല്‍ ലീവ് എടുക്കാന്‍ മുന്‍പ് അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്ത് കളഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ അത് പുനസ്ഥാപിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. ചൂടുകാലത്താണ് ചിക്കന്‍ പോക്‌സ് സാധാരണയായി പടരാറുള്ളത്. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് രോഗം പരത്തുന്നത്. ഗര്‍ഭിണികള്‍,പ്രമേഹരോഗികള്‍,നവജാത ശിശുക്കള്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകാറുണ്ട്. രോഗിയുമായുള്ള നേരിട്ട സമ്പര്‍ക്കം രോഗം പടരാന്‍ കാരണമാകാറുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍