ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണസാധ്യത, ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നു

അഭിറാം മനോഹർ

തിങ്കള്‍, 17 ജൂണ്‍ 2024 (17:24 IST)
മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മാരകമാവുകയും ജീവഹാനിക്ക് വരെ ഇടയാക്കുകയും ചെയ്യുന്ന അപൂര്‍വ ബാക്ടീരിയ ജപ്പാനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 ഇതുമൂലമുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക് സിന്‍ഡ്രോം എന്ന രോഗം കഴിഞ്ഞ വര്‍ഷം ആകെ 941 പേരെയാണ് ജപ്പാനില്‍ ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണ്‍ രണ്ടിനകം 977 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ രോഗബാധിത നിരക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം 2500 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. രോഗബാധിതരില്‍ 30 ശതമാനം മരണനിരക്കാണ് രോഗത്തിന് കണക്കാക്കുന്നത്.
 
 ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കല്‍ സാധാരണയായി കുട്ടികളില്‍ തൊണ്ടയിടര്‍ച്ചയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. അതേസമയം ചിലരില്‍ സന്ധിവേദന,സന്ധിവീക്കം, പനി, കുറഞ്ഞ രക്തസമ്മര്‍ദ്ദം തുടങ്ങിവയ്ക്ക് കാരണമാകാം. 50 വയസിന് മുകളില്‍ പ്രായമായവരിലാണ് മരണ സാധ്യത കൂടുതലുള്ളത്. 2022ല്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍