ഇന്ത്യക്കാർക്ക് വേണ്ടത്ര ഉറക്കമില്ല, 59 ശതമാനം പേരും ഉറങ്ങുന്നത് 6 മണിക്കൂറിൽ താഴെയെന്ന് സർവേ

അഭിറാം മനോഹർ

തിങ്കള്‍, 10 മാര്‍ച്ച് 2025 (14:15 IST)
ഇന്ത്യയിലെ ജനസംഖ്യയില്‍ വലിയ വിഭാഗത്തിനും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പഠനം. ശുചിമുറി ഉപയോഗിക്കാനായി തുടര്‍ച്ചയായി എഴുന്നേല്‍ക്കുന്നവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, രാത്രി വൈകിയും പുലര്‍ച്ചയായുമുള്ള ജോലി മുതല്‍ ശബ്ദ ശല്യവും കൊതുകുശല്യവും വരെ ഇന്ത്യക്കാരുടെ ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാണ്. ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമും സിറ്റിസണ്‍ പള്‍സ് അഗ്രഗേറ്ററുമായ ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വേ സംഘടിപ്പിച്ചത്.
 
 ഇന്ത്യയിലെ 348 ജില്ലകളിലായി നാല്‍പ്പതിനായിരത്തോളം പേരില്‍ നിന്നുമുള്ള കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. സര്‍വെയോട് പ്രതികരിച്ചവരില്‍ 39 ശതമാനം സ്ത്രീകളും 61 ശതമാനം പുരുഷന്മാരുമാണ്. ഇതില്‍ 39 ശതമാനം ആളുകള്‍ക്ക് മാത്രമാണ് 6-8 മണിക്കൂര്‍ മതിയായ ഉറക്കം ലഭിക്കുന്നത്. 4-6 ശതമാനം കിട്ടുന്ന ഉറക്കം കൊണ്ട് തൃപ്തിപ്പെടുന്നു. 20 ശതമാനത്തോളം പേര്‍ക്ക് 4 മണിക്കൂര്‍ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. 8 മുതല്‍ 10 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നവര്‍ വെറും 2 ശതമാനമാണ്.
 
 ഇതില്‍ 72 ശതമാനം പേര്‍ക്കും ഉറക്കം നഷ്ടമാവുന്നത് ഉറക്കഠിനിടെ ഒന്ന് രണ്ട് തവണ ശുചിമുറി ഉപയോഗിക്കേണ്ടിവരുന്നതിനാലാണ്. 25 ശതമാനത്തിന് രാത്രി വൈകിയും പകല്‍ നേരത്തെയുമുള്ള ജോലി സമയം പ്രശ്‌നമാകുന്നു. 22 ശതമാനത്തിന് പുറത്ത് നിന്നുള്ള ശബ്ദവും കൊതുകടിയും പ്രശ്‌നം സൃഷ്ടിക്കുന്നു. 9 ശതമാനത്തിന് കുട്ടികളോ, പങ്കാളിയോ ഉണ്ടാക്കുന്ന തടസമാണ് പ്രശ്‌നം. മൊബൈല്‍ ഫോണ്‍ ഉപയോഗവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
 
സര്‍വേയില്‍ പ്രതികരിച്ചവരില്‍ 23 ശതമാനവും ഉറക്കക്കുറവ് മറികടക്കാന്‍ വാരാന്ത്യങ്ങളില്‍ കൂടുതല്‍ സമയം ഉറങ്ങുന്നവരാണ്.  ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഉറക്കത്തിനായി മാറ്റിവെയ്ക്കുന്നവരാണ് 36 ശതമാനം പേരും. ഇന്ത്യക്കാരുടെ ഉറക്കക്കുറവ് ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നതാണ്. രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉറക്കം കുറഞ്ഞവരില്‍ വരാന്‍ സാധ്യതയേറെയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍