അതാത് സമയത്തേക്കുള്ള ഉള്ളി മാത്രം എടുക്കുക; പകുതി മുറിച്ചെടുത്ത് മറ്റേ പകുതി ഫ്രിഡ്ജില്‍ കയറ്റി വയ്‌ക്കേണ്ട, കാരണം ഇതാണ്

തിങ്കള്‍, 26 ജൂലൈ 2021 (09:48 IST)
ഭക്ഷണാവശ്യത്തിനായി എടുക്കുന്ന ഉള്ളി പകുതി ഉപയോഗിച്ച ശേഷം മറ്റേ പകുതി ഫ്രിഡ്ജില്‍ കയറ്റി വയ്ക്കുന്നത് പലപ്പോഴും സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ എടുത്തുവയ്ക്കുന്ന ഉള്ളിയില്‍ ബാക്ടീരിയ കയറുമോ? ഇത് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമോ? ഇത്തരം സംശയങ്ങള്‍ ഉള്ളവര്‍ നമുക്കിടയില്‍ ഒരുപാടുണ്ട്. 
 
അരിഞ്ഞ ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാല്‍ അവ വിഷലിപ്തമാകുമെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. അതിനാല്‍, ഉള്ളി മുറിച്ചതിന് ശേഷം ഉടനടി വേവിക്കുന്നതാണ് ഉചിതമെന്ന് ഈ പ്രചാരത്തില്‍ പറയുന്നു. എന്നാല്‍, ഇതിലെ സത്യാവസ്ഥ എന്താണ്? 
 
ഉള്ളി എപ്പോഴും അതാത് സമയത്തേക്ക് ഉള്ളത് മാത്രമേ എടുക്കാവൂ. മുറിച്ചുവച്ച ശേഷം പിന്നീട് ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധ കവിത ദേവ്ഗാന്‍ പറയുന്നു. എന്നാല്‍, അതിനു കാരണം നേരത്തെ പറഞ്ഞ ബാക്ടീരിയ ആഗിരണമല്ല. ഉള്ളിയിലെ അസിഡിക് പിഎച്ച് സാന്നിധ്യം സൂക്ഷ്മാണുക്കളുടെയും ബാക്ടീരിയയുടെയും വളര്‍ച്ച തടയുന്നതിനാല്‍ അവ വിഷലിപ്തമാകുന്നില്ല. അതേസമയം, മുറിച്ചുവച്ച ഉള്ളി പിന്നീട് ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യില്ലെന്നും അതിന്റെ പരിശുദ്ധി ഇല്ലാതാക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. 
 
മുറിച്ചുവയ്ക്കുന്ന ഉള്ളി രോഗകാരികളായ ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല. ലളിതമായി പറഞ്ഞാല്‍, ഉള്ളി മുറിക്കുക എന്നത് രോഗ രൂപീകരണത്തിലേക്ക് നയിക്കണമെന്നില്ല. ശരിയായി കൈകാര്യം ചെയ്യുമ്പോള്‍, മുറിച്ച ഉള്ളി റഫ്രിജറേറ്ററില്‍ അടച്ച പാത്രത്തില്‍ 7 ദിവസം വരെ സൂക്ഷിക്കാമെന്നാണ് യുഎസിലെ നാഷനല്‍ ഒനിയന്‍ അസോസിയേഷന്‍ പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍