നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം പോലെ തന്നെ പ്രധാനമാണ് പല്ലുകളുടെ ആരോഗ്യം. ആരോഗ്യമുള്ള പല്ലുകള്‍ ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല സുന്ദരമായ മുഖവും നിങ്ങള്‍ക്ക് നല്‍കും. പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് ബ്രഷുകള്‍. കാലപ്പഴക്കം വരുമ്പോള്‍ ഇത് മാറ്റാറുണ്ടെങ്കിലും ടൂത്ത് ബ്രഷുകള്‍ എപ്പോഴാണ് മാറ്റേണ്ടത് എന്നതിനെ പറ്റി പലര്‍ക്കും അവബോധമില്ല.
ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ടൂത്ത് ബ്രഷുകളില്‍ ബാക്ടീരിയകള്‍ വളരാനും ബ്രഷ് ഉപയോഗിക്കുന്നത് മൂലം ദന്തപ്രശ്‌നങ്ങള്‍ വരാനും സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ 3-4 മാസങ്ങള്‍ കൂടുമ്പോള്‍ ബ്രഷ് മാറണമെന്നാണ് ദന്താരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ബ്രഷിന്റെ ബ്രിസില്‍സിന് കേട് വന്നതായി ശ്രദ്ധയില്‍പ്പെട്ടാലും മാറ്റണം. എന്തെന്നാല്‍ കേടുവന്ന ബ്രിസില്‍സ് പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കുകയും മോണയ്ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്യും. പുതിയ ബ്രഷ് തിരെഞ്ഞെടുക്കുമ്പോള്‍ വ്യക്തിയുടെ ആരോഗ്യം,പ്രായം,ഉപയോഗത്തിന്റെ ആവൃത്തി എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.
സോഫ്റ്റ്,അള്‍ട്രാ സോഫ്റ്റ്,മീഡിയം,ഹാര്‍ഡ് എന്നിങ്ങനെ 4 തരത്തിലുള്ള ബ്രഷുകള്‍ വിപണിയില്‍ ലഭ്യമാണ്. നിരയൊത്ത പല്ലുകള്‍ ഉള്ളവര്‍ക്കും കറയോ അഴുക്കോ കാര്യമായി ഇല്ലാത്തവര്‍ക്കും സോഫ്റ്റ് ,അള്‍ട്രാ സോഫ്റ്റ് ബ്രഷുകള്‍ ഉപയോഗിക്കാം. എന്നാല്‍ പല്ലില്‍ കറയുള്ളവര്‍,നിരന്തരം ഭക്ഷണം കഴിക്കുന്ന സ്വഭാവമുള്ളവര്‍ മീഡിയം,ഹാര്‍ഡ് ബ്രിസിലുകള്‍ വേണം ഉപയോഗിക്കാന്‍. ഏത് തരം ബ്രഷാണെങ്കിലും രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഭക്ഷണശേഷവും ബ്രഷ് ചെയ്യേണ്ടതും പല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.