അച്ചാറില്ലാതെ ചോറുകഴിക്കാൻ മടിയുള്ളാവരാണ് നമ്മൾ മലയാളികൾ നാരങ്ങയിലും മാങ്ങയിലും തുടങ്ങി മീനും ബീഫും വരെ അച്ചാറിട്ട് കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ നിത്യേനെയുള്ള ഈ അച്ചാറ് തീറ്റ ആരോഗ്യത്തിന് നല്ലതാണോ ? അല്ല എന്നതാണ് ശരി. നിത്യവും അച്ചാറുകഴിക്കുന്നത് നമ്മളെ നിത്യരോഗികളാക്കി മാറ്റും. അൾസറിൽ തുടങ്ങി ഇത് ക്യാൻസറിന് വരെ കാരണമായേക്കാം.
വയറു വേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളും അച്ചാറിന്റെ അമിതമായ ഉപയോഗം കാരണം വന്നേക്കാം. ഗ്യാസിന്റെ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ പലരും അച്ചാറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും അവ കൂട്ടുകയേ ഉള്ളൂ. ഗ്യാസ്ട്രൈറ്റിസ് ഉള്ളവർ അച്ചാറുകൾ മിതമായി മാത്രമേ ഉപയോഗിക്കാവൂ.
ഉയർന്ന അളവിൽ ഉപ്പ് ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. അച്ചാറുകൾ കേടായിപ്പോകാതിരിക്കാൻ ആവശ്യത്തിലധികം ഉപ്പ് ചേർക്കും. ഉപ്പിന്റെ അമിതമായ ഉപയോഗം രക്തസമ്മർദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും കാരണമാകും. അമിതമായി അച്ചാർ ഉപയോഗിച്ചാൽ ചിലരില്‍ താൽക്കാലികമായി രക്തസമ്മർദം കൂടാനിടയുണ്ട്. ഇത് കിഡ്നിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും.