കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം വേഗത്തിലാക്കിയേക്കാമെന്ന് പഠനം

അഭിറാം മനോഹർ

വ്യാഴം, 6 മാര്‍ച്ച് 2025 (13:35 IST)
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിന്റെ ബുദ്ധിമുട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി നമ്മളെല്ലാവരും അറിയുന്നതാണ്. കടുത്ത വേനലില്ല് ഓരോ ദിവസവും കടന്നുപോകുന്നത് പോലും ദുഷ്‌കരമാണ്. ഇപ്പോഴിതാ കടുത്ത ചൂടിലുള്ള ജീവിതം വാര്‍ധക്യം വേഗത്തിലാക്കുമെന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഉയര്‍ന്ന താപനില മനുഷ്യരിലെ വാര്‍ധക്യം ത്വരിതപ്പെടുത്തുമെന്ന കണ്ടെത്തലുള്ളത്.
 
യുഎസ്സി ലിയോനാര്‍ഡ് ഡേവിഡ് സ്‌കൂള്‍ ഓഫ് ജെറന്റോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 56 വയസിന് മുകളില്‍ പ്രായമുള്ള യുഎസിലെ 3600 പേരെ ഉള്‍പ്പെടുത്തിയായിരുന്നു ഗവേഷണം. 26.6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ജാഗ്രത നിലയായും 32 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനില അതിജാഗ്രത നിലയായും 39 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 51 ഡിഗ്രി സെല്‍ഷ്യസ് വരെ അപകട നിലയായും ക്രമീകരിച്ചാണ് പഠനം നടത്തിയത്. ഒരു വര്‍ഷത്തിന്റെ പകുതിയോളം 26.6 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവരില്‍ ചൂട് കുറഞ്ഞ മേഖലയില്‍ ജീവിക്കുന്നവരേക്കാള്‍ 14 മാസം കൂടുതല്‍ ജൈവീക വാര്‍ധക്യം അനുഭവപ്പെടാമെന്നാണ് പഠനം പറയുന്നത്. ഇങ്ങനെ നടക്കുന്നതിന് പിന്നിലുള്ള ഘടകങ്ങള്‍ എന്തെല്ലാമെന്നും എന്തെല്ലാമാണ് പ്രതിവിധികളെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍