സ്മാര്‍ട്ട്ഫോണുകള്‍ ഇക്കാലത്ത് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 79% പേരും എപ്പോഴും ഫോണുകള്‍ കൈവശം വയ്ക്കുന്നവരാണ്. ഫോണുകളുടെ അമിത ഉപയോഗം അപകടകരമാവുകയും നിരവധി രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. അത്തരത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പുതിയ രോഗമാണ് ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം. തലവേദന, കഴുത്ത് വേദന എന്നിവയില്‍ നിന്നാണ് ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്.
എന്നാല്‍ അശ്രദ്ധ കാരണം ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലെക്ക് മാറുന്നു. കഴുത്ത് പ്രശ്‌നങ്ങള്‍ മുതല്‍ ശസ്ത്രക്രിയ വേണ്ടിവരുന്ന നട്ടെല്ലിന്റെ ആകൃതിയിലുള്ള മാറ്റങ്ങള്‍ക്ക് വരെ ഇത് കാരണമായേക്കാം. സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താഴേക്ക് നോക്കുന്നു. കൂടുതല്‍ നേരം തല താഴ്ത്തി വച്ചിരിക്കുന്നത് കഴുത്തില്‍ സമ്മര്‍ദ്ദം ചെലുത്തും, ഇത് നട്ടെല്ലിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും.
ടെക്സ്റ്റ് നെക്കിന്റെ സാധാരണ ലക്ഷണങ്ങളില്‍ തലവേദന, തോളില്‍ വേദന, നിരന്തരമായ കഴുത്ത് വേദന എന്നിവ ഉള്‍പ്പെടുന്നു. പ്രശ്‌നം ഗുരുതരമാകുകയാണെങ്കില്‍, കൈകളുടെ വിരലുകള്‍ വേദനിച്ചേക്കാം അല്ലെങ്കില്‍ കൈകളില്‍ മരവിപ്പ് അനുഭവപ്പെടാം. ടെക്സ്റ്റ് നെക്ക് അവഗണിക്കുകയും കൃത്യസമയത്ത് ശരിയായ രീതിയില്‍ ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍, അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. നട്ടെല്ലിന്റെ വക്രത, സന്ധിവാതം, നട്ടെല്ലിന്റെ തെറ്റായ ക്രമീകരണം, വൈകല്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
നട്ടെല്ല് ദുര്‍ബലമാകുക, ഡിസ്‌ക് സ്ഥലത്ത് സമ്മര്‍ദ്ദം, ഡിസ്‌ക് ഹെര്‍ണിയേഷന്‍, വീക്കം, ഞരമ്പുകള്‍ക്കോ പേശികള്‍ക്കോ ക്ഷതം എന്നിവയും ഉണ്ടാകാം. ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം ചികിത്സിക്കാന്‍ ഫിസിയോതെറാപ്പി ആവശ്യമാണ്. ചില വ്യായാമങ്ങളും ഫലപ്രദമാണ്. എന്നിരുന്നാലും, നിങ്ങളുടെ ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ഈ രോഗം ഒഴിവാക്കാന്‍ കഴിയും.