മനസ്സിനും ശരീരത്തിനും ആവശ്യത്തിന് ഉറക്കം ലഭിക്കുക എന്നത് അതിപ്രധാനമാണ്. ഉറക്കമില്ലായ്മ പല രോഗങ്ങളിലേക്കും നയിക്കാറുണ്ട്. രാത്രിയിൽ വൈകി ഉറങ്ങുന്നതും 30 മിനിറ്റിലധികം ഉറങ്ങുന്നതും കൂർക്കംവലിക്കുന്നതും ഫാറ്റിലിവർ രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചൈനയിലെ ഗ്വാങ്സോ സർവകലാശലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
രാത്രിയിൽ ഉറക്കം തടസ്സപ്പെടുന്നവർക്കും പകൽ ദീർഘനേരം ഉറങ്ങുന്നവർക്കും ഫാറ്റിലിവർ രോഗം വരാൻ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് അധികമാണെന്നാണ് എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഉറക്കത്തിൻ്റെ തോത് മെച്ചപ്പെട്ടാൽ ഫാറ്റിലിവർ രോഗസാധ്യത 29 ശതമാനം കുറയുമെന്നും ഗവേഷകർ പറയുന്നു.