ഉച്ചയുറക്കത്തിന്റെ ആരോഗ്യഗുണങ്ങള്‍

ബുധന്‍, 12 ഏപ്രില്‍ 2023 (13:02 IST)
ഒരു മനുഷ്യന്റെ ശരീരത്തിനും മനസ്സിനും ഏറെ ആവശ്യമുള്ള ഒന്നാണ് ഉറക്കം. ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് അത്യാവശ്യമാണെന്നാണ് പഠനങ്ങള്‍. കൃത്യമായ ഉറക്കം ഇല്ലാത്തവരില്‍ ഒട്ടേറെ അസുഖങ്ങള്‍ ഉള്ളതായി കാണാം. അതുകൊണ്ട് എത്ര തിരക്കുണ്ടെങ്കിലും ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അരുത്. രാത്രിയിലുള്ള ദീര്‍ഘമായ ഉറക്കം മാത്രമല്ല ഉച്ചഭക്ഷണ ശേഷമുള്ള മയക്കവും ആരോഗ്യത്തിനു ഗുണകരമാണ്. ഉച്ചമയക്കത്തിലൂടെ ശരീരവും മനസ്സും ആര്‍ജ്ജിക്കുന്ന പോസിറ്റീവ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
ഉച്ചഭക്ഷണ ശേഷം ഏറ്റവും കുറഞ്ഞത് 45 മിനിറ്റെങ്കിലും ഉറക്കത്തിനായി കണ്ടെത്തണം. ഇടവേളകളില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരവും മനസ്സും ഒരു വിശ്രമം ആവശ്യപ്പെടുന്നുണ്ട്. 
 
ഉച്ചമയക്കത്തിനു ശേഷം കൂടുതല്‍ ഏകാഗ്രതയോടെ ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കും. ഉച്ചമയക്കത്തിനു ശേഷം മുഖമൊന്ന് കഴുകി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച ശേഷം വീണ്ടും ജോലികളില്‍ വ്യാപൃതരായി നോക്കൂ. എല്ലാ അര്‍ത്ഥത്തിലും ശരീരത്തിനും മനസ്സിനും ഉന്മേഷം തോന്നും. ഉച്ചമയക്കം ഓര്‍മശക്തി കൂട്ടുമെന്നും ചില പഠനങ്ങളില്‍ പറയുന്നു. ഉച്ചഭക്ഷണത്തിനും ഉച്ചമയക്കത്തിനും കൃത്യമായി ഒരു ടൈം ടേബിള്‍ ഉണ്ടാക്കുന്നത് എല്ലാ അര്‍ത്ഥത്തിലും വളരെ നല്ല കാര്യമാണ്. 
 
നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉച്ചമയക്കം സഹായിക്കും. രാവിലെ പലവിധ ജോലികള്‍ ചെയ്ത് മനസ്സും ശരീരവും ക്ഷീണിക്കുന്ന അവസ്ഥയിലാണ് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുന്നത്. ഉച്ചഭക്ഷണ ശേഷം കുറച്ച് നേരം വിശ്രമിക്കുന്നത് അതുവരെ ഉണ്ടായിരുന്ന വിരസത നീക്കുകയും ശരീരത്തെയും മനസ്സിനെയും കൂടുതല്‍ ഉന്മേഷമുള്ളതാക്കുകയും ചെയ്യും. 
 
ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉച്ചമയക്കം ഗുണം ചെയ്യും. രക്ത സമ്മര്‍ദ്ദത്തെ ഇത് സാധാരണ നിലയിലാക്കുകയും കൃത്യമായി നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. അതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയുന്നു. 
 
മാത്രമല്ല രാത്രി പലവിധ കാരണങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവരാണെങ്കില്‍ ഉറപ്പായും ഉച്ചയ്ക്ക് അല്‍പ്പനേരം മയങ്ങുന്നത് ആരോഗ്യത്തിനു നല്ലതാണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍