പിടിപെട്ടാല്‍ ചികിത്സയില്ലാത്ത രോഗമാണ് പേവിഷബാധ. റാബീസ് എന്ന ഒരു വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗാണുക്കളുള്ള മൃഗങ്ങളുടെ തുപ്പൽ വഴിയാണ് മനുഷ്യരില്‍ ഈ അസുഖം വരുന്നത്. മൃഗങ്ങള്‍ കടിക്കുന്ന വേളയിലോ മുറിവിൽ നക്കുമ്പോളോ ആണ് ഈ രോഗം പകരുന്നത്. തലച്ചോറിനെയാണ് ഈ അസുഖം ബാധിക്കുക.
മുറിവിൽ നിന്ന് രോഗാണുക്കൾ നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോളാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പിന്നെ അസുഖം ചികിൽസിച്ചു ഭേദമാക്കുക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്‍സെഫാലൈറ്റിസ് എന്നാണ് വൈദ്യശാസ്ത്രം ഈ രോഗാവസ്ഥയെ വിളിക്കുന്നത്.
കടിയേറ്റ ഭാഗത്ത് ചൊറിച്ചല്‍, മുറിവിന് ചുറ്റുമുള്ള മരവിപ്പ്, തലവേദന , വിറയല്‍, ശ്വാസതടസ്സം, തൊണ്ടവേദന, ഉത്കണ്ഠ, ശബ്ദവ്യത്യാസം, പേടി, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യും.
റാബിസ് വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. കഴുത്തിന് മുകളിലാണ് പേ ബാധിച്ച മൃഗങ്ങളുടെ കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ എടുക്കേണ്ടതാണ്. തെരുവ് നായ്ക്കളുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ കടിയേറ്റാല്‍ പൈപ്പിന് കീഴില്‍ ഒഴുകുന്ന വെള്ളത്തില്‍ സോപ്പുപയോഗിച്ച് 15 മിനിട്ടെങ്കിലും മുറിവ് കഴുകേണ്ടത് അത്യാവശ്യമാണ്.
തുടര്‍ന്ന് എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടുകയും വേണം.
ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നമ്മള്‍ സുരക്ഷിതമെന്ന് കരുതുന്ന വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുന്ന വേളയിലും സൂക്ഷ്മത പുലര്‍ത്തുകയും ഏതെങ്കിലും അവസരങ്ങളില്‍ അവയില്‍ നിന്ന് കടിയോ മാന്തലോ ഏല്‍ക്കാനിടയായാല്‍ സംശയിച്ച് നില്‍ക്കാതെ മുറിവ് സോപ്പുപയോഗിച്ച് കഴുകിയശേഷം ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.