സ്വന്തം ആരോഗ്യകാര്യങ്ങളില്‍ സ്ത്രീകള്‍ കാണിക്കുന്ന അലംഭാവവും സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടായ വന്‍വര്‍ധനയും ആശങ്കയോടെ മാത്രമേ കാണാനാകൂ. ഗൗരവമായ ആരോഗ്യാവസ്ഥകളിലൂടെ കടന്ന് പോകുമ്പോഴും നമ്മള്‍ നീരസത്തിന്‍റെ ഒരു സ്വഭാവം പ്രകടമാക്കാറുണ്ട്. ചെറുപ്പക്കാരികളായ സ്ത്രീകള്‍ ഹെല്‍ത്ത് ചെക്കപ്പുകളും, സ്ക്രീനിങ്ങുകളും ശുപാര്‍ശ ചെയ്യപ്പെട്ടാലും അവഗണിക്കും. ദൗര്‍ഭാഗ്യവശാല്‍ കാന്‍സറിനെ സംബന്ധിച്ച് ചെറിയ, എളുപ്പത്തില്‍ അവഗണിക്കപ്പെടാവുന്ന ലക്ഷണങ്ങളാവും ആദ്യം കാണപ്പെടുക. കൂടാതെ, പ്രായമായവരെ മാത്രമേ ഇത് ബാധിക്കൂ അല്ലെങ്കില്‍ കാന്‍സര്‍ പാരമ്പര്യമായി കുടുംബത്തില്‍ ഉണ്ടാകുന്നവര്‍ക്കേ രോഗബാധയുണ്ടാകൂ എന്നൊരു അന്ധവിശ്വാസവും സാധാരണമാണ്.
ജനങ്ങള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് അര്‍ബുദവും അനുബന്ധ വിഷയങ്ങളും. പച്ചക്കറികളിലെ വിഷത്തെക്കുറിച്ചും അത് ഉണ്ടാക്കിയേക്കാവുന്ന മാരകരോഗങ്ങളെക്കുറിച്ചും ഉള്ള സംവാദങ്ങള്‍ ഒരു വശത്ത്. കാന്‍സര്‍, ചികിത്സയില്ലാത്ത രോഗമാണെന്ന തെറ്റായ പ്രചാരണം മറ്റൊരു വശത്ത്. അര്‍ബുദം ശരീരത്തിലെ ജീവനുള്ള ഏതു കോശത്തെയും ബാധിക്കുന്ന ഒന്നാണ്. ഹൃദയം മുതല്‍ തലച്ചോറു വരെ ഏതിനെയും അത് ബാധിക്കാം. എന്നാല്‍ ചില അവയവങ്ങള്‍ അവയുടെ ചില പ്രത്യേകതകള്‍ കൊണ്ട് കാന്‍സറുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. അതായത് സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയങ്ങളിലെ കാന്‍സറുമാണ് അധികമായി കാണപ്പെടുന്നത്.
കാന്‍സര്‍ കണ്ടെത്തുന്നതിനു സ്തനത്തിലെ സ്വയം പരിശോധന വളരെ പ്രധാനപ്പെട്ടതാണ്. സ്തനത്തില്‍ മുഴകളോ, മുലക്കണ്ണിലൂടെ സ്രവങ്ങള്‍ വരികയോ ചെയ്താല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. പല രോഗാവസ്ഥകളും നെഞ്ച് സംബന്ധമായ രോഗങ്ങളായ ചുമ, ശ്വസനവൈഷമ്യം തുടങ്ങിയവയുണ്ടാക്കാം. എന്നാല്‍ ചില കേസുകളില്‍ ഇത് ശ്വാസകോശ ക്യാന്‍സറിന്‍റെ ലക്ഷണമാകുകയും ചെയ്തേക്കാം. ഇത് കണ്ടെത്തി അനുയോജ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണത്തിലേക്കു തന്നെ നയിച്ചേക്കും.
സ്ത്രീകള്‍ വിദ്യാസമ്പന്നരും ജീവിതവിജയം നേടുന്നവരാണെങ്കിലും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ദുര്‍ബലരായിക്കൊണ്ടിരിക്കുകയാണെന്ന് വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു. സ്ത്രീകള്‍ ഇന്ന് സാമൂഹികമായി വളരെയധികം ഇടപെടലുകള്‍ നടത്തുന്നു. എന്നിരുന്നാലും സമൂഹത്തില്‍ നിന്നുള്ള ചില പ്രശ്‌നങ്ങള്‍ കൂടി നേരിടേണ്ടി വരുന്നുണ്ട്. മാനസികവും വൈകാരികവുമായ ഈ ദുര്‍ബലതയെ സ്ത്രീകള്‍ തിരിച്ചറിയുകയും ഇത് പരിഹരിക്കാനായി സ്വയം മുന്നോട്ട് വരികയും ചെയ്യണം. സാമൂഹിക ഉൽക്കണ്ഠാരോഗം സമയത്ത് കണ്ടെത്തി ചികിത്സിക്കാത്ത പക്ഷം വിഷാദരോഗം, ആത്മഹത്യാപ്രവണത തുടങ്ങിയ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും അവഗണിക്കപ്പെടുന്നുണ്ട്. നിസ്സാരമായ അസ്വാസ്ഥ്യങ്ങള്‍ക്കു പോലും പുരുഷന്മാര്‍ വൈദ്യസഹായം തേടിയെത്തുമ്പോള്‍ മാരകമായ അസുഖങ്ങള്‍ക്ക് അടിമപ്പെട്ട സ്ത്രീകള്‍ പലരും വേണ്ട ചികിത്സ തക്ക സമയത്ത് ലഭിക്കാതെ മരണത്തെ സ്വയം വരിക്കുകയാണ്.
ഹൃദ്രോഗം പുരുഷന്മാരെ മാത്രം വേട്ടയാടുന്ന രോഗാവസ്ഥയാണെന്നും അത് സ്ത്രീകളെ സാധാരണ ബാധിക്കാറില്ലെന്നുമുള്ള മിഥ്യാധാരണയ്ക്കു വിരാമമിട്ടത്, 1999ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച മാര്‍ഗരേഖകള്‍ പുറത്തു വന്നപ്പോഴായിരുന്നു. കൂടാതെ, അമിതരക്തസമ്മര്‍ദം പുരുഷന്മാരെക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്കു തന്നെയാണ് ഉണ്ടാകുന്നത്. 50 വയസ്സു കഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് രക്തസമ്മര്‍ദം വര്‍ദ്ധിച്ച രീതിയില്‍ കണ്ടു വരുന്നു. 65 വയസ്സു കഴിഞ്ഞ 80 ശതമാനം സ്ത്രീകള്‍ക്കും വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദമുണ്ട്. ചികിത്സ നടത്തിയപ്പോള്‍ വയോധികരായ 52 ശതമാനം സ്ത്രീകളിലും സ്ട്രോക്ക് 36 ശതമാനവും ഹൃദ്രോഗം 25 ശതമാനവും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
ഹോര്‍മോണ്‍ തകരാറുകള്‍, പാരമ്പര്യ ജനതിക രോഗങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്നത്. യോനിയുടെ മുന്‍ഭാഗത്തെ കന്യാചര്‍മം വേര്‍പെട്ടു പോകാതിരിക്കലും, ആ ഭാഗത്തെ മാംസപേശികള്‍ അമിതമായി വളരുന്നതും, ജന്മനാലുള്ള ചില തകരാറുകള്‍ കൊണ്ടും ശരിയായ ലൈംഗിക ബന്ധത്തിനു സാധിക്കാതെ വരാറുണ്ട്. ഇതുമൂലം ഗര്‍ഭധാരണം തടസ്സപ്പെടുന്നു. ഗര്‍ഭാശയ സ്രവങ്ങളുടെ തകരാറുകൾ കൊണ്ട് പുരുഷ ബീജങ്ങള്‍ക്ക് ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കാൻ കഴിയാതെ പോകുന്നതു മൂലവും ഗർഭധാരണം അസാധ്യമാകാം. ഗര്‍ഭപാത്രത്തിന്റെ തകരാറുകളും ഗര്‍ഭപാത്രത്തിലെ മുഴകളും അണ്ഡവാഹിനിക്കുഴലിലെ തകരാറുകളും ഗർഭധാരണത്തിന് തടസങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. കൂടാതെ ജീവിതത്തിലെ പിരിമുറുക്കങ്ങളും വിഷാദരോഗവും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്നവരില്‍ ബീജോത്പാദനവും ബീജങ്ങളുടെ ചലനശേഷിയും കുറഞ്ഞിരിക്കും. വിഷാദരോഗികളിലും ആത്മഹത്യാപ്രവണതയുള്ളവരിലും വന്ധ്യതാസാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. മനസ്സിലെ വിഷാദം സൃഷ്‌ടിക്കുന്ന അന്തസ്രാവങ്ങള്‍ പ്രത്യുത്പാദനഗ്രന്ഥികളില്‍ വരുത്തുന്ന അസന്തുലിതാവസ്ഥയും വന്ധ്യതയ്ക്ക് കാരണമാകുന്നു.
ഒന്നില്‍ക്കൂടുതല്‍ തവണ ഗര്‍ഭം അലസിപ്പോയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മുമ്പ് എപ്പോഴാണോ ഗര്‍ഭം അലസിയത് ആ കാലം കഴിയുന്നതു വരെ വിശ്രമിച്ചു മരുന്നു കഴിക്കേണ്ടതാണ്. നാല്പത് ആഴ്ച അഥവാ 280 ദിവസമാണു സമ്പൂര്‍ണ ഗര്‍ഭകാലം. ഗര്‍ഭകാലത്ത് ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള കുഴപ്പങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്താന്‍ രക്തസമ്മര്‍ദം നോക്കേണ്ടതാണ്. ശ്വസനനിരക്ക് നിശ്ചയമായും ചെക്ക് ചെയ്യണം. പ്രത്യേകിച്ചും സ്ത്രീ ശ്വാസോച്‌ഛാസത്തിന് ബുദ്ധിമുട്ട് പറയുന്നുവെങ്കില്‍. ശ്വസനനിരക്ക് മിനിട്ടില്‍ 30 ല്‍ കുറവാണെങ്കില്‍ വിളര്‍ച്ചയും ഉണ്ടെങ്കില്‍ സ്ത്രീ വിളര്‍ച്ച രോഗബാധിതയാണെന്ന സൂചനയാണ്. എല്ലാ ഗര്‍ഭിണികളെയും കഴിയുന്നതും ഏതെങ്കിലും ആശുപത്രിയില്‍ പ്രസവിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രസവസമയത്ത് പലതരത്തിലുള്ള സങ്കീര്‍ണതകളും ഉടലെടുത്തേക്കാം; അവ മുന്‍കൂട്ടി പ്രവചിക്കാവുന്നതല്ല; കുട്ടിയുടെയോ അമ്മയുടെയോ മരണത്തിനും അത് ഇടയാക്കിയേക്കാം.
ഗര്‍ഭിണികളില്‍ നിന്നും നേരിട്ട് കുട്ടികളിലേക്ക് പകരുന്നതും, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത ലൈംഗിക തൊഴിലാളികളുമാണ് രോഗം സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാകുന്നതിന് പ്രധാനമായ കാരണം. ഗര്‍ഭിണികള്‍, ലൈംഗിക തൊഴിലാളികള്‍, നിരക്ഷരരായവര്‍ എന്നിവരിലൂടെ രോഗം പെട്ടെന്നു പടരാന്‍ സാധ്യതയുളളതിനാല്‍ ഈ സാഹചര്യം ആശങ്ക ഉയര്‍ത്തുന്നതായി ആരോഗ്യവിദഗ്ദര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് വിദ്യാഭ്യസം ഉറപ്പു വരുത്തുന്നതിലൂടെയും എയ്ഡ്‌സ് രോഗത്തെക്കുറിച്ച് ബോധവത്കരണം നല്‍കിയും രോഗം പകരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ എയ്ഡ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം മാനേജര്‍ വ്യക്തമാക്കുന്നു.