എന്താണ് ഓർമ? ആരാണ് ഇത് അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുന്നത്?

വ്യാഴം, 7 ജൂലൈ 2016 (15:56 IST)
ഓർമയില്ലാത്ത കാലം മുതൽക്കേ എന്താണ് ഓർമ എന്നറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യൻ. എന്താണ് ഓർമ, എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് ഇത് തെറ്റായി മാറുന്നത്? തുടങ്ങിയ കാര്യങ്ങൾ അറിയാൻ വേണ്ടി ശ്രമിക്കുന്നവരാണ് മനുഷ്യൻ. മനുഷ്യന്റെ ജീവിതത്തിൽ ഓർമയ്ക്കുള്ള പങ്ക് എന്താണ്. ഒരുപക്ഷേ ഓർമയുള്ളവർക്കുപോലും അറിയാത്ത കാര്യമാണത്. 
 
കംപ്യൂട്ടറിൽ ഒരു ഡാറ്റ സൂക്ഷിക്കുവാൻ എടുക്കുന്നതിന്റെ പകുതി സമയം പോലും വേണ്ട മനുഷ്യന്റെ ബ്രെയിനിലേക്ക് ഒരു കാര്യം എത്താൻ. വേഗതയും വ്യക്തതയും അത്രത്തോളം ഉണ്ടായിരിക്കും. മനുഷ്യരുടെ തലച്ചോറിൽ പ്രത്യേകമായൊരു സ്ഥലത്തല്ല ഓർമകൾ ഉള്ളത്, ഓർമകളാൽ ചുറ്റപ്പെട്ടുകിടക്കുകയാണ് തലച്ചോറ്.  
 
അറിവ് തലച്ചോറില്‍ തങ്ങി നില്‍ക്കുന്ന പ്രക്രിയയാണ് ഓര്‍മ. ഓര്‍മയെക്കുറിച്ചുള്ള പറച്ചിലുകളൊക്കെ അതേസമയം തന്നെ മറവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടിയാണ്. ഓർമയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഓർക്കുക വല്ലപ്പോഴും എന്ന് പറയാറുണ്ട്. എന്നാൽ എവിടെയാണ് ഈ ഓർമകൾ സൂക്ഷിച്ചിരിക്കുന്നത്?. വിചിത്രവും അതിസങ്കീര്‍ണവുമാണ്‌ ഓര്‍മ്മകളുടെ ഉള്ളറകളിലൂടെയുള്ള യാത്ര.
 
തലച്ചോറിലാണ് ഓർമകൾ ജനിക്കുന്നതും വളരുന്നതും മരിക്കുന്നതുമെല്ലാം. വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യങ്ങളും സൂക്ഷിച്ച് വെക്കുന്ന സ്ഥലം, അതാണ് തലച്ചോറ്. അതിനറിയാം ഏതെല്ലാം തരത്തിൽ തരംതിരിക്കണമെന്ന്. ഒരു അടുക്കും ചിട്ടയും എപ്പോഴുമുണ്ടാകും. എന്നാൽ ആരാണ് ഇതെല്ലാം അടുക്കും ചിട്ടയോടും കൂടി ചെയ്യുന്നതെന്ന കാര്യം മാത്രം ഇപ്പോഴും അഞ്ജാതം. 
 
ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്ന സമയത്ത്‌ ഹിപ്പോകാമ്പസിലെ രക്‌തപ്രവാഹം കൂടുന്നതായാണ്‌ തെളിയിക്കപ്പെട്ടിട്ടുള്ളത്‌. ചെറുപ്പക്കാരെ അപേക്ഷിച്ച്‌ പ്രായം കൂടുന്തോറും ഈ രക്‌തപ്രവാഹം കുറയുന്നതായും കാണപ്പെടുന്നു. പ്രായം ചെല്ലുന്തോറും ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ള കുറവുണ്ടാകുന്നത്‌ ഈ രക്‌തപ്രവാഹത്തിന്റെ വ്യത്യാസം കൊണ്ടാണെന്ന്‌ പിന്നീട്‌ ശാസ്ത്രം തെളിയിച്ചു.
 

വെബ്ദുനിയ വായിക്കുക