വീഗനിസം - ശരിക്കും പച്ചയായ ജീവിതം, ശുദ്ധ വെജിറ്റേറിയന്‍ !

ശനി, 30 ഏപ്രില്‍ 2016 (18:01 IST)
മറ്റ് ജീവികളുടെ ശവശരീരം ദഹിപ്പിക്കുവാനുള്ള സ്ഥലമാകരുത് നമ്മുടെ വയര്‍. മനസ്സും വായും നിറഞ്ഞ് കഴിക്കുന്നത് മാത്രമേ ശരീരത്തില്‍ പിടിക്കാറുള്ളുവെന്ന് പൂര്‍വ്വികര്‍ പറയാറുണ്ട്. എന്നാല്‍, മാംസാഹാരം പൂര്‍ണമായും ഒഴിവാക്കി തികച്ചും സസ്യഭുക്കായി ജീവിച്ച് നോക്കൂ... ജീവിതം ഒരുപാട് മാറും. മാറ്റങ്ങള്‍ ആഗ്രഹിക്കാത്തവരില്ലല്ലോ? എങ്കില്‍ പരീക്ഷിച്ച് നോക്കിക്കൊളൂ പച്ചയായ ജീവിതം.
 
മറ്റു ജീവികളുടെ പാല്‍ കുടിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. മാറേണ്ട രീതിയാണിത്, ഇതിനെല്ലാം തടയിടുന്ന ജീവിതരീതിയാണ് വീഗനിസം. സസ്യാഹാരം മാത്രം കഴിക്കുന്നതിനെ ‘വെജിറ്റേറിയനിസം‍’ എന്നാണ് പറയുക. വീഗനിസം എന്നാല്‍ വെജിറ്റേറിയൻ ആവുക എന്നതിനപ്പുറം പാലും വെണ്ണയും തോൽ ഉൽപന്നങ്ങളും അടക്കം മൃഗങ്ങളുമായി ബന്ധപ്പെട്ട ഒന്നും ഉപയോഗിക്കാതെയുള്ള ജീവിത രീതിയാണ്. ‘ഇന്റര്‍നാഷണല്‍ വെജിറ്റേറിയന്‍ ഡേ’ ആയിട്ട് ഒക്ടോബര്‍ ഒന്ന് ആചരിക്കുന്നുമുണ്ട്.
 
ഇന്ത്യാക്കാര്‍ക്ക് തീരെ പരിചയമില്ലാത്ത ഭക്ഷണരീതിയാണ് വീഗനിസം. വെജിറ്റേറിയന്‍ എന്നു പറയുമ്പോള്‍ അതില്‍ പാലും മുട്ടയും ചിലപ്പോള്‍ ഉള്‍പ്പെട്ടേക്കാം. എന്നാല്‍ ഒരു പടി കൂടി കടന്ന് പാലും പാലുല്‍പ്പന്നങ്ങളും മുട്ടയും എന്നു വേണ്ട തേനും കമ്പിളിയുമുള്‍പ്പെടെ ജന്തുജന്യമായ എല്ലാറ്റിനെയും ഉപേക്ഷിക്കുക. സസ്യഭക്ഷണം മാത്രം കഴിച്ച്, സസ്യോല്‍പ്പന്നങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുക. ഇതാണ് വീഗനിസത്തിന്റെ രീതി.
 
സസ്യാഹാരങ്ങള്‍ മാനസിക, ശാരീരിക, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാര മാര്‍ഗമാണെന്നാണ് സസ്യഭുക്കുകളുടെ വാദം. ഇത് ശരിവെക്കുന്ന രീതിയിലാണ് പഠനങ്ങളും. ഇതോടൊപ്പം ശുദ്ധ വെജിറ്റേറിയന്മാര്‍ക്ക് സംഘടനകള്‍ വരെയുണ്ട്. രക്തസമ്മര്‍ദം, ഹൃദയരോഗം ഇതിനെയെല്ലാം എളുപ്പത്തില്‍ ചെറുത്തു നില്‍ക്കാന്‍ സസ്യഭുക്കുകള്‍ക്ക് സാധിക്കാറുണ്ട്. കാന്‍സര്‍ സാധ്യതയും കുറയും.
 
ചെറിയ കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നത്  അലര്‍ജിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കും എന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ഏതു പ്രായക്കാര്‍ക്കും, തരക്കാര്‍ക്കും (അത്‌ലറ്റുകള്‍ക്കു വരെ) വീഗന്‍ ഡയറ്റ് പിന്തുടരാവുന്നതേയുള്ളൂ.
 
വീഗനിസം പിന്തുടരുന്നവര്‍ പാല്‍ ഉപേക്ഷിക്കുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ട്. മൃഗങ്ങളോടുള്ള ചൂഷണമായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. പശുവിന്റെ പാല്‍ പശുകുട്ടിക്ക് നല്‍കാതെ മനുഷ്യന്‍ കവര്‍ന്നെടുക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പാല്‍ മത്രമല്ല നെയ്യ്, പനീര്‍, തൈര്, മോര്, തേന്‍ ഇവയൊന്നും വീഗന്‍ ദിനചര്യയില്‍ ഇല്ല.

ചിത്രത്തിന് കടപ്പാട്: വീഗന്‍ സൊസൈറ്റി ഡോട് കോം
 

വെബ്ദുനിയ വായിക്കുക