ആർത്തവ ദിനങ്ങൾ ഒരിക്കലും സാധാരണ ദിനമാകില്ല. ഓരോ മാസവും ഓരോ ബുദ്ധിമുട്ടുകൾ. ഓരോ വേദനകൾ. എന്നാൽ, ആ ദിവസങ്ങളിൽ അൽപ്പം സമാധാനവും ആശ്വാസവും നൽകാൻ മെൻസ്ട്രൽ കപ്പുകൾക്ക് കഴിയും. ഉപയോഗിക്കാനുള്ള എളുപ്പം, ദീർഘകാല ഉപയോഗം, കുറഞ്ഞ ചെലവ്, പരിസ്ഥിതി സൗഹൃദം എന്നിവയാണ് മെൻസ്ട്രൽ കപ്പുകളെ കൂടുതൽ ജനപ്രിയമാക്കുന്നത്. മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതായുണ്ട്. അല്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മെൻസ്ട്രൽ കപ്പുകളുടെ കരുതലില്ലാത്ത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടുന്നത്. മെൻസ്ട്രൽ കപ്പിന്റെ അളവിലെ വ്യത്യാസവും, കൃത്യമല്ലാത്ത സ്ഥാനവുമാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. വൃക്കയിൽ നിന്ന് മൂത്രസഞ്ചിയിലേക്ക് മൂത്രം ശരിയായി ഒഴുകാൻ കഴിയാത്ത അവസ്ഥയ്ക്ക് (യൂറിറ്റെറോഹൈഡ്രോനെഫ്രോസിസ്) കാരണമാകുന്നതാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുന്നു.
മെൻസ്ട്രൽ കപ്പ് ഉപയോഗത്തിലെ സങ്കീർണതകൾ ഒഴിവാക്കാൻ ശരിയായ ആകൃതി, വലുപ്പം, ഇൻസേർഷൻ രീതി എന്നിവ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കണമെന്നും പഠനം പറയുന്നു.