മഴക്കാലത്ത് ചായ കുടി കൂടും..! പക്ഷേ, അത്ര നല്ല ശീലമല്ല

ബുധന്‍, 19 ജൂലൈ 2023 (11:12 IST)
മഴ ആസ്വദിക്കണമെങ്കില്‍ കയ്യില്‍ ഒരു ഗ്ലാസ് ചൂടുചായ വേണമെന്നാണ് മലയാളികള്‍ക്ക്. മഴക്കാലത്ത് ചായ കുടിയുടെ അളവും കൂടും. എന്നാല്‍ അത് ശരീരത്തിനു അത്ര നല്ലതല്ല. അമിതമായ ചായ കുടി പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. 
 
ചായയില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിലേക്ക് എത്തിയാല്‍ ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവ് തടസപ്പെടുത്തിയേക്കാം. 
 
കൂടാതെ ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തില്‍ നിന്ന് വെള്ളം പുറന്തള്ളുന്നതിനും അതുവഴി നിര്‍ജലീകരണത്തിനും കാരണമാകുന്നു. ദിവസത്തില്‍ രണ്ട് ഗ്ലാസില്‍ കൂടുതല്‍ ചായ കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 
 
മസാല ചായ പലരുടെയും പ്രിയപ്പെട്ട പാനീയമാണ്. എന്നാല്‍ ചായയിലെ മസാല ചേരുവകള്‍ അധികമായാല്‍ വാത, പിത്ത, കഫ സന്തുലിതാവസ്ഥയെ തടസപ്പെടുത്തിയേക്കാം. 
 
അതിരാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വെറും വയറ്റില്‍ ചായ കുടിക്കരുത്. ഇത് ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. 
 
വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലം അത്ര നല്ലതല്ല. ഇത് അസിഡിറ്റിയിലേക്കും ദഹനക്കേടിലേക്കും നയിക്കും. ചായയിലെ ടാന്നിന്‍ ശരീരത്തിലെ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും ആഗിരണം തടസപ്പെടുത്തുന്നതിനാല്‍ ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും ഇടവേളയെടുത്ത ശേഷം മാത്രമേ ചായ കുടിക്കാവൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍