ടോയ്‌ലറ്റില്‍ പോകാന്‍ ബലം പ്രയോഗിക്കരുത്; ഹെര്‍ണിയയെ പേടിക്കണം !

രേണുക വേണു

വ്യാഴം, 5 ഡിസം‌ബര്‍ 2024 (09:40 IST)
പ്രായഭേദമന്യേ പലരിലും കാണുന്ന ആരോഗ്യ പ്രശ്നമാണ് ഹെര്‍ണിയ. നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം അല്ലെങ്കില്‍ നിങ്ങളുടെ വയറിലെ മറ്റ് കോശങ്ങള്‍ ദുര്‍ബലമായ പേശികളുടെ ഒരു പാളിയിലൂടെ പുറത്തേക്ക് തള്ളുമ്പോള്‍ ഹെര്‍ണിയ വികസിക്കുന്നു. ഹെര്‍ണിയയുടെ ചികിത്സ നൂറ് ശതമാനവും ശസ്ത്രക്രിയ മാത്രമാണ്. ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ എന്നതൊന്നും ഹെര്‍ണിയയുടെ യഥാര്‍ഥ ചികിത്സയല്ല. ഓപ്പണ്‍ സര്‍ജറിയായും കീ ഹോള്‍ സര്‍ജറിയായും ഹെര്‍ണിയ ശസ്ത്രക്രിയ ചെയ്യാം. അതേസമയം ഹെര്‍ണിയ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ശരീരഭാരം അമിതമായാല്‍ ഹെര്‍ണിയ വരാന്‍ സാധ്യത കൂടുതലാണ്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഹെര്‍ണിയയ്ക്ക് പ്രധാന കാരണം. ചിട്ടയായ ഭക്ഷണശീലവും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഹെര്‍ണിയയെ പ്രതിരോധിക്കാം. വയറിനുള്ളിലെ മര്‍ദ്ദം കുറച്ചുവയ്ക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. പുകവലിക്കുന്നവര്‍ നിര്‍ബന്ധമായും അത് ഉപേക്ഷിക്കുക. 
 
മലബന്ധം ഉള്ളവരില്‍ ഹെര്‍ണിയ കാണപ്പെടും. തുടര്‍ച്ചയായി മലബന്ധം, മൂത്രതടസം എന്നിവ നേരിടുന്നെങ്കില്‍ ഉടന്‍ ചികിത്സ തേടുക. ഫൈബര്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. വളരെ അധികകാലമായി ചുമയുണ്ടെങ്കില്‍ അതിനു ചികിത്സ തേടുക. അമിതഭാരമുള്ള സാധനങ്ങള്‍ ഒറ്റയടിക്ക് പൊക്കുന്നത് ഉപേക്ഷിക്കുക. 
 
ടോയ്‌ലറ്റില്‍ പോകാന്‍ ബലം പ്രയോഗിക്കുന്നതും ഹെര്‍ണിയ വരാന്‍ കാരണമാകും. മലവിസര്‍ജനത്തിനു ബലം പ്രയോഗിക്കുമ്പോള്‍ കുടല്‍ പുറത്തേക്ക് തള്ളാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഒരു കാരണവശാലും ടോയ്‌ലറ്റില്‍ പോകാന്‍ അടിവയറ്റില്‍ സമ്മര്‍ദ്ദമുണ്ടാക്കരുത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍