തലയോട്ടിക്കുള്ളിലെ വായു നിറഞ്ഞ അറകളാണ് സൈനസ്. നെറ്റി, മൂക്കിലെ അസ്ഥികള്‍, കവിള്‍, കണ്ണുകള്‍ എന്നിവയുടെ പിന്നിലാണ് സൈനസ് സ്ഥിതി ചെയ്യുന്നത്. ആരോഗ്യമുള്ള സൈനസ് അറകളില്‍ ബാക്ടീരിയയോ മറ്റു അണുക്കളോ കാണപ്പെടില്ല. എന്നാല്‍ ചിലരില്‍ സൈനസ് അറകളില്‍ കഫം നിറഞ്ഞ് ബാക്ടീരിയയും മറ്റു അണുക്കളും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ അവസ്ഥയാണ് സൈനസിറ്റിസ്.
കൃത്യമായി കഫം പുറത്തേക്ക് വരാതാകുമ്പോള്‍ സൈനസ് അറകളില്‍ അസ്വസ്ഥത തോന്നും. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നവരിലും സൈനസിറ്റിസ് കാണപ്പെടുന്നു. അലര്‍ജി ഉള്ളവരില്‍ സൈനസിറ്റിസ് ലക്ഷണങ്ങള്‍ കാണിക്കും. സൈനസിറ്റിസ് ലക്ഷണമുള്ളവര്‍ പുകവലി പൂര്‍ണമായും ഒഴിവാക്കണം. ഐസ് വാട്ടര്‍ കുടിക്കരുത്. കഫക്കെട്ടിന് കൃത്യമായി ചികിത്സ തേടുകയും ആന്റി ബയോട്ടിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുകയും വേണം.
ഗന്ധമറിയാനുള്ള ശക്തി കുറയുക, രാത്രിയില്‍ രൂക്ഷമാകുന്ന കഫക്കെട്ട്, മൂക്കടപ്പ് എന്നിവ സൈനസിറ്റിസ് ലക്ഷണങ്ങളാണ്. പനി, തലവേദന, തലയ്ക്ക് ഭാരം തോന്നല്‍ എന്നീ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം. കണ്ണുകള്‍ക്ക് പിന്നില്‍, നെറ്റിയില്‍, മൂക്കിന്റെ ഭാഗത്ത് വേദനയും അസ്വസ്ഥതയും തോന്നുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.