കുളിക്കുന്നതിനിടെ ദിവസവും ശക്തിയായി മൂക്ക് ചീറ്റുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഉടന്‍ നിര്‍ത്തുക. കുളിക്കുമ്പോഴും ജലദോഷവും മൂക്കടപ്പും ഉള്ള സമയത്തും ശക്തിയായി മൂക്ക് ചീറ്റുന്നത് പരമാവധി ഒഴിവാക്കണം. അമിതമായി മൂക്ക് ചീറ്റുന്നവരില്‍ ക്രോണിക്ക് സൈനസ് അണുബാധ, അലര്‍ജി പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു.
ശക്തമായി മൂക്ക് ചീറ്റുന്നത് സൈനസ് ഗ്രന്ഥികളിലേക്ക് മ്യൂക്കസ് കടക്കാന്‍ കാരണമാകുന്നു. സൈനസിലേക്ക് മ്യൂക്കസ് കടക്കുന്നത് വൈറസുകളും ബാക്ടീരിയകളും സൈനസ് ഗ്രന്ഥിയിലേക്ക് കടക്കാന്‍ കാരണമാകും.
ശക്തിയായി മൂക്ക് ചീറ്റുന്നത് നിങ്ങളുടെ മൂക്കിനെ മാത്രമല്ല ചെവിക്കും ദോഷമാണ്. മൂക്ക് ശക്തിയായി ചീറ്റുമ്പോള്‍ അത് ചെവിക്കുള്ളില്‍ കൂടി സമ്മര്‍ദ്ദമുണ്ടാക്കുന്നു. കേള്‍വിക്ക് സഹായകരമാകുന്ന കര്‍ണപടം അടക്കം ചെവിക്കുള്ളിലെ പല ഭാഗങ്ങളും വളരെ നേര്‍ത്തതാണ്. ശക്തിയായി മൂക്ക് ചീറ്റുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ചെവിയെ സാരമായി ബാധിക്കും. ശക്തിയായി മൂക്ക് ചീറ്റുന്നത് തലച്ചോറുമായി ബന്ധപ്പെട്ട നേര്‍ത്ത ഞെരമ്പുകളില്‍ സമ്മര്‍ദ്ദത്തിനു കാരണമാകുന്നു.
മൂക്കിന്റെ ഒരു ഭാഗത്തു കൂടി മാത്രം മ്യൂക്കസ് പുറന്തള്ളാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മൂക്കിന്റെ പാലത്തില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാകില്ല. മ്യൂക്കസ് കൈയിലേക്ക് ചീറ്റുന്നത് പരമാവധി ഒഴിവാക്കണം. ടിഷ്യു പേപ്പറിലേക്കോ കര്‍ച്ചീഫിലേക്കോ വേണം മ്യൂക്കസ് ചീറ്റാന്‍. അല്ലെങ്കില്‍ നിങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് രോഗങ്ങള്‍ പടരും.