പ്രഭാത ഭക്ഷണമായി പുട്ട് കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികള്‍. നല്ല ചൂടേറിയ പുട്ടും അതിനൊപ്പം കടലക്കറിയോ പഴമോ കഴിക്കുന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍ പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹനം മന്ദഗതിയില്‍ ആകുമെന്ന വിശ്വാസം മലയാളികള്‍ക്കിടയില്‍ ഉണ്ട്. ആയുര്‍വേദത്തില്‍ ആണ് പുട്ടും പഴവും വിരുദ്ധാഹാരമാണെന്ന് പറയുന്നത്. ഇതിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. പുട്ടും പഴവും ഒന്നിച്ചു കഴിച്ചാല്‍ ദഹനം നടക്കില്ല എന്നു പറയുന്നത് തെറ്റാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ഫലങ്ങളില്‍ ഒന്നാണ് പഴം. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴം വേഗത്തില്‍ ദഹിക്കുന്നു. പുട്ടും പഴവും ഒന്നിച്ചു കഴിച്ചെന്നു കരുതി ദഹിക്കാതിരിക്കില്ല. അതേസമയം പുട്ടും പഴവും ചിലരില്‍ നെഞ്ച് നീറ്റല്‍ ഉണ്ടാക്കുന്നു. അത്തരക്കാര്‍ പുട്ട്-പഴം കോംബിനേഷന്‍ ഒഴിവാക്കുക.
പുട്ടും കടലയും കോംബിനേഷനും ആരോഗ്യത്തിനു നല്ലതാണ്. പുട്ടിനു മാത്രമായും കടലയ്ക്കായും പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതു കൊണ്ടു ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും കേമനാണ് പുട്ട്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ പുട്ട് ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.
പ്രോട്ടീന്‍ ഉള്‍പ്പെട്ട ഭക്ഷണമായതുകൊണ്ടുതന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണിവ. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താനും ഇത് ബെസ്റ്റാണ്. കടലയില്‍ ധാരാളം നാരുകള്‍ ഉണ്ട്, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും സഹായിക്കും.