മാറിയ ഇന്നത്തെ സാഹചര്യത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമകളാകുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇരുന്നുള്ള ജോലിക്കൊപ്പം വ്യായാമം ഇല്ലായ്‌മയാണ് എല്ലാവരെയും ഗുരുതരമായ രോഗങ്ങളിലേക്ക് തള്ളിവിടുന്നത്. പുരുഷന്‍മാരെപ്പോലെ സ്‌ത്രീകളും കുട്ടികളും ഈ അവസ്ഥയ്‌ക്ക് വിധേയമാകുന്നുണ്ട്.
കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതിനൊപ്പം ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവുമാണ് ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണം. കൊളസ്‌ട്രോള്‍, അമിതവണ്ണം, ഭാരക്കൂടുതല്‍, ബ്ലഡ് പ്രഷര്‍, പ്രമേഹം എന്നിവയാണ് ആരോഗ്യം നശിപ്പിക്കുന്ന പ്രധാന വില്ലന്‍മാര്‍.
ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ മരുന്നുകളേക്കാള്‍ കേമന്‍ ചിട്ടയായ വ്യായാമം ആണെന്നു വ്യക്തമാക്കിയിരിക്കുകയാണ് നെതര്‍ലാന്‍ഡിലെ റാഡ്ബൌണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍. ശരിയായ വ്യായാമങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം പേശികള്‍ക്ക് കരുത്തും ഊര്‍ജവും നല്‍കുമെന്നും യൂണിവേഴ്‌സിറ്റിയുടെ പഠനം പറയുന്നു.
ഹൃദ്രോഗങ്ങൾ, പ്രമേഹം, പൊണ്ണത്തടി എന്നീ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ പ്രതിരോധ വ്യായാമങ്ങൾക്ക് കഴിയും. ശരീരഭാരം കുറയ്‌ക്കുന്നതിനും വ്യായ്‌മങ്ങള്‍ക്ക് കഴിയും. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം പതിവാക്കിയാല്‍
ഉയർന്ന രക്തസമ്മർദ്ദം, അമിത വണ്ണം, കൊഴുപ്പ്, കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, സ്ട്രോക്ക്, ക്ഷീണം എന്നീ രോഗാവസ്ഥകളെ ഇല്ലായ്‌മ ചെയ്യാന്‍ കഴിയുമെന്ന് റാഡ്ബൌണ്ട് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദര്‍ പറയുന്നു.
കഠിനമായ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ നടത്തം, ജോഗിംഗ്, ഓട്ടം, നീന്തൽ തുടങ്ങിയവ ശീലമാക്കണം. ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും കരുത്തു പകരാന്‍ ഈ വ്യായാമങ്ങള്‍ക്ക് കഴിയും. എയറോബിക് വ്യായാമങ്ങൾ കൂടുതല്‍ ഗുണകരമാകുമെന്നും ഈ പഠനം വ്യക്തമാക്കുന്നു.
1987 നും 2006 നും ഇടയ്ക്ക് ടെക്സസിലെ കോപ്പർ ക്ലിനിക്കിലെ മെഡിക്കൽ പരീക്ഷയിൽ പങ്കെടുത്ത 7,400-ലധികം പേരെപ്പറ്റിയുള്ള വിവരങ്ങൾ പരിശോധിച്ചാണ് പഠനം നടത്തിയത്. മുപ്പതിനോട് അടുത്ത പ്രായമുള്ളവരാണ് പഠനത്തില്‍ പങ്കെടുത്തത്.