കൊതുകുകളില്‍ നല്ലകൊതുകും ചീത്തക്കൊതുകുകളുമുണ്ടൊ? അതെന്താ അങ്ങനെ ചോദിച്ചത്, കൊതുകുകള്‍ മുഴുവന്‍ ചീത്തകളാണ്. അവ എത്രതരം രോഗങ്ങളാണ് പരത്തുന്നത് എന്ന് നിങ്ങള്‍ തിരിച്ചു ചോദിച്ചേക്കാം. എന്നാല്‍ കേട്ടോളു കൊതുകുകള്‍ മുഴുവന്‍ ചീത്തകളല്ല. നല്ല കൊതുകുകളുമുണ്ട്, പക്ഷേ ഇവിടെയല്ല അങ്ങ് ബ്രസീലിലാണെന്നു മാത്രം. എന്നാല്‍ ഈ നല്ല കൊതുകുകള്‍ ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചെടുത്തതാണെന്നു മാത്രം.
ഡെങ്കിപ്പനി പകരുന്ന രാജ്യങ്ങള്‍ മുന്‍പന്തിയിലാണ് ബ്രസീല്‍. ഇപ്പോള്‍ അവിടുത്തെ ഗവേഷകര്‍ ചെയ്തതെന്താണെന്നറിയാമോ, മനുഷ്യരിലേക്ക് പകരാത്ത എന്നാല്‍ ഡെങ്കി വൈറസുകളേ തുരത്താന്‍ കഴിവുള്ള വോള്‍ബേഷ്യ എന്ന ബാക്ടീരിയയേ സന്നിവേശിപ്പിച്ച കൊതുകകളാണ് ഗവേഷകര്‍ തയ്യാറാക്കിയത്.
ഇത്തരത്തില്‍ ആയിരക്കണക്കിന് കൊതുകുകളേയാണ് ഗവേഷകര്‍ തുറന്നുവിട്ടിരിക്കുന്നത്. ഈ വൈറസുകള്‍ ബാധിച്ച കൊതുകുകളുമായി ഇണചേരുന്ന മറ്റ് കൊതുകുകളിലേക്ക് വോള്‍ബേഷ്യ ബാക്ടീരിയ പകരും. ഇത്തരത്തില്‍ ഉണ്ടാകുന്ന പുതിയ തലമുറയില്‍ പെട്ട കൊതുകുകള്‍ക്ക് ഡെങ്കി വൈറസുകള്‍ പകരുകയില്ല. അങ്ങനെ ഭാവിയില്‍ പ്രദേശത്ത് ഡെങ്കിവൈറസുകള്‍ ഇല്ലാതാകുമെന്ന് ഗവേഷകര്‍ പറയുന്നു.
ഫിയോക്രൂസിലെ ബ്രസീലിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 2012 മുതലാണ് ഇവിടുത്തേ ഗവേഷകര്‍ ഈ പദ്ധതി തുടക്കമിട്ടത്. ഏതായാലും ഗവേഷണം വിജയകരമായോ എന്ന് അറിയുന്നതിനായി പുറത്തുവിട്ട കൊതുകുകളേ ആഴ്ചയിലൊരിക്കല്‍ പ്രത്യേക കെണികള്‍ വച്ച് പിടികൂടി പരിശോധിക്കും. ഓസ്ട്രേലിയ, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും സമാനമായ പദ്ധതി നടപ്പിലാക്കുന്നുണ്ട്.