സര്‍വസാധാരണമായ രോഗമാണ് തലവേദന. യഥാര്‍ത്ഥ കാരണം കണ്ടെത്താനും ബുദ്ധിമുട്ടാണ്. ശ്രദ്ധിക്കൂ ചിലപ്പോള്‍ തലവേദന വേറെ ഗുരുതരമായ രോഗങ്ങളുടെയും ലക്ഷണമാകാം. നല്ലൊരുവിഭാഗം പേരും രോഗകാരണമറിയാന്‍ കഴിയാതെ പലവിധ ചികില്‍സകളില്‍ ആശ്വാസം കണ്ടെത്തുന്നു. വിട്ടുമാറാത്ത തലവേദനമൂലം ജീവിതഗതി മാറ്റേണ്ടിവന്നവരും നമുക്കിടയിലുണ്ട്.
ജനങ്ങളില്‍ 90-95 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദനയുടെ വൈഷമ്യങ്ങള്‍ അനുഭവിച്ചിട്ടുള്ളവരാണ്. തലവേദനയെ - മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നത്, കൊടിഞ്ഞി എന്നറിയപ്പെടുന്ന മൈഗ്രേയിന്‍, ഇവ രണ്ടും ചേര്‍ന്നത് - എന്നിങ്ങനെ പൊതുവെ മൂന്നായി തിരിക്കാം.
കൊടിഞ്ഞി അഥവാ മൈഗ്രേയിന്‍
കൗമാരത്തിലും യൗവനാരംഭത്തിലുമാണ് കൊടിഞ്ഞി മിക്കവരെയും ആക്രമിച്ചു തുടങ്ങുന്നത്. ഭൂരിപക്ഷം രോഗികളിലും പാരമ്പര്യം പ്രധാന ഘടകമാണ്. തലയുടെ ഒരു വശത്തോ ഇരുവശങ്ങളിലായോ തുടങ്ങുന്ന വേദന ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ മുഖത്തും കഴുത്തോളവും പടരുന്ന വിങ്ങലും വേദനയുമായി രൂപാന്തരപ്പെടുന്നു. ഒന്നും ചെയ്യാനാകാത്തവിധം അസ്വസ്ഥതയും തലചുറ്റലും ഛര്‍ദ്ദിയുമുണ്ടാവും.
കൊടിഞ്ഞിയുടെ ഫലമായുണ്ടാകുന്ന താഴ്ന്ന രക്തസമ്മര്‍ദ്ദവും ത്വക്കിലെ തണുപ്പും രക്തസമ്മര്‍ദം കുറയുമ്പോഴുള്ള തലവേദനയായി തെറ്റിദ്ധാരിക്കാറുണ്ട്. കൊടിഞ്ഞിയുടെ അസഹനീയമായ വേദന കഴുത്തിലെ എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനമാണു വേദനയ്ക്കു കാരണമെന്നു കരുതിയേക്കാം. കൊടിഞ്ഞിയുണ്ടാക്കുന്ന തലചുറ്റല്‍ ചെവിയുമായി ബന്ധപ്പെട്ട തകരാറാണെന്നു കരുതി ചികില്‍സിക്കുന്നവരുമുണ്ട്.