സ്വയംഭോഗം അമിതമായാല്‍ ബീജം തീര്‍ന്നുപോകുമോ? ഹീമോഗ്ലോബിന്‍റെ അളവ് താഴുമോ?

തിങ്കള്‍, 5 നവം‌ബര്‍ 2018 (15:21 IST)
കൌമാരക്കാരായ ആണ്‍കുട്ടികള്‍ അസ്വസ്ഥരാകുന്ന ഒരു ചോദ്യമാണത് - സ്വയംഭോഗം ചെയ്താല്‍ കുറേക്കഴിയുമ്പോള്‍ ബീജം തീര്‍ന്നുപോകുമോ? അടിസ്ഥാനരഹിതമായ ഒരു സംശയമാണെന്ന് ആദ്യം തന്നെ പറയട്ടെ. സ്വയംഭോഗം ഒരു പാപമല്ല, അതു ചെയ്താല്‍ ആരോഗ്യസംബന്ധമായ എന്തെങ്കിലും കുഴപ്പമുണ്ടാകുമെന്നും കരുതേണ്ടതില്ല. ശുക്ലത്തിന്‍റെ അളവില്‍ കുറവ് സംഭവിക്കുകയുമില്ല.
 
ലൈംഗിക വികാരത്തിന്‍റേതായ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി സ്വാഭാവികമായി സമീപിക്കുന്ന ഒരു മാര്‍ഗമാണ് സ്വയംഭോഗം. ഇതിലൂടെ ഒരു അനുഭൂതി ലഭിക്കുന്നു എന്നതും സത്യമാണ്. സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യത്തെയോ ലൈംഗിക ജീവിതത്തെയോ പ്രതികൂലമായി ബാധിക്കില്ല. ഇതുമൂലം രക്തം കുറയുമെന്നോ ഹീമോഗ്ലോബിന്‍റെ അളവ് താഴുമെന്നോ ഭയപ്പെടേണ്ടതില്ല. മുഖക്കുരു അമിതമായി ഉണ്ടാകുന്നതും സ്വയംഭോഗത്തിന്‍റെ ഫലമായല്ല.
 
സ്വയംഭോഗത്തിലൂടെ പ്രത്യുല്‍‌പ്പാദന ശേഷിയില്‍ കുറവ് സംഭവിക്കുമെന്ന ധാരണയും ശരിയല്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം ധാരണകളെല്ലാം അറിവില്ലായ്മയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കുന്നതുപോലും പാപമാണെന്ന് ധരിപ്പിച്ച് പുതുതലമുറയെ അജ്ഞരാക്കി നിര്‍ത്തുന്ന പ്രവണത ഇന്ന് കൂടുതലാണ്. അതില്‍ നിന്നാണ് ഇത്തരം ആശങ്കകള്‍ ഉടലെടുക്കുന്നത്.
 
എന്നാല്‍ എന്തും അധികമായാല്‍ ദോഷമാണല്ലോ. അതുപോലെ സ്വയംഭോഗത്തിലൂടെ ശുക്ലവിസര്‍ജനം അമിതമായി നടത്തുന്നത് ശരിയല്ല. സ്വയംഭോഗത്തെ ശീലമാക്കി മാറ്റുകയും ചെയ്യരുത്. കാരണം, അത് ശീലമാക്കി മാറ്റിയാല്‍ സ്വയംഭോഗം ചെയ്യാനായി സമയം മാറ്റിവയ്ക്കുന്ന ശീലത്തിന് അടിമയാകും. സ്വകാര്യതയും ഏകാന്തതയും കൂടുതലായി വേണമെന്ന് ആഗ്രഹിക്കും. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കാനുള്ള പ്രവണത ഉടലെടുക്കും. ഒരു സാമൂഹ്യജീവി എന്ന നിലയില്‍ പരാജയമായി മാറാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സ്വയംഭോഗത്തെ സ്വയം നിയന്ത്രിക്കുകയും മറ്റ് പല ജോലികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്യേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍