ഓഫീസിലെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ കൊല്ലാക്കൊല ചെയ്യുന്നുണ്ടോ ? എങ്കില്‍...

വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (14:41 IST)
ഇക്കാലത്ത് നിത്യാവശ്യത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് എയര്‍ കണ്ടീഷണറുകള്‍. ഇടത്തരം വീടുകളിലുള്‍പ്പടെ എല്ലായിടത്തും വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് എയര്‍ കണ്ടീഷണറുകള്‍. നിരത്തിലിറങ്ങുന്ന ഏതൊരു വാഹനമായാലും അതില്‍ എയര്‍ കണ്ടീഷണറുകള്‍ ഉണ്ടായിരിക്കും. നല്ല ശീതളിമക്കു പുറമേ സ്വസ്ഥതയും പ്രദാനം ചെയ്യുന്നതിനോടൊപ്പം നല്ല പ്രസന്നത സൂക്ഷിക്കാനും നന്നായി ജോലി ചെയ്യാനുമെല്ലാം ഇവ വഴി തെളിയിക്കുകയും ചെയ്യും. എന്നാല്‍ തുടര്‍ച്ചയായി എ സി ഉപയോഗിക്കുന്നതു മൂലം ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
 
എ സി ഉപയോഗിച്ച് ശീതീകരിച്ചിട്ടുള്ള മുറിയിലെ തണുത്തവായു സ്ഥിരമായി ശ്വസിക്കുന്നതു മൂലം വിട്ടുമാറാത്ത ജലദോഷം, പനി, സൈനസൈറ്റിസ് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‍. അതുപോലെ എ സിയിലെ ഫില്‍റ്റര്‍ കൃത്യമായി വൃത്തിയാക്കാതിരിക്കുന്നത് ബാക്ടീരിയകള്‍ പെരുകുന്നതിനും മുറിയിലെ വായു മലിനമാകാനും വഴിവച്ചേക്കാം. ഈ വായു ശ്വസിക്കുന്നതിനെ തുടര്‍ന്ന് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിങ്ങനെയുള്ള ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായേക്കാം. സ്ഥിരമായി എ സി മുറിയില്‍ ഇരിക്കുന്നത് സന്ധിവാതരോഗികളുടെ വേദനയും, സന്ധികളുടെ പിടിത്തവും അധികരിക്കുമെന്നും പറയപ്പെടുന്നു.
 
എയര്‍ കണ്ടീഷണര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പൊണ്ണത്തടിയും അതോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടി വരുമെന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത. ശാരീരികാധ്വാനമോ വ്യായാമോ തീരെ ഇല്ലാത്തവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നതെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുപോലെ ശ്വാസകോശരോഗം നേരത്തേ ഉള്ളവരിലും പ്രശ്‌നം സങ്കീര്‍ണമാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ടോണ്‍സിലൈറ്റിസ്, ചിലതരം ചര്‍മ്മരോഗങ്ങള്‍, മുടികൊഴിച്ചില്‍ എന്നിവക്കുള്ള സാധ്യതയും എസിയുടെ സ്ഥിരമായ ഉപയോഗം മൂലം ഉണ്ടാകാന്‍ സാധ്യതയുണ്ട്.    
 
അതുപോലെതന്നെ, കൂടുതല്‍ സമയം എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് ചൂടുള്ള കാലാവസ്ഥയില്‍ കഴിയുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതുപോലെ എയര്‍ കണ്ടീഷന്‍ ചെയ്ത പരിതസ്ഥിതിയില്‍ കൂടുതല്‍ സമയം കഴിയുന്നവരില്‍ മനംപുരട്ടല്‍, തളര്‍ച്ച എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇങ്ങനെയൊക്കെയായിരുന്നാലും എയര്‍ കണ്ടീഷണര്‍ മോശമാണെന്ന് ആരും കരുതേണ്ട കാര്യമില്ല. ഉപയോഗം നിജപ്പെടുത്തണമെന്ന കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി.

വെബ്ദുനിയ വായിക്കുക