മഴവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമോ ? അറിയണം... ഇക്കാര്യങ്ങള്‍ !

ബുധന്‍, 2 ഓഗസ്റ്റ് 2017 (09:38 IST)
പല ആയുര്‍വേദ ഗ്രന്ഥങ്ങളിലും മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായതും തൃപ്തിനല്‍കുന്നതും ജീവനെ നിലനിര്‍ത്തുന്നതും ബുദ്ധിക്ക് ഉണര്‍വേകുന്നതും ഹൃദയത്തിന് ഹിതമായതും വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രുചിയോടുകൂടിയതും നിര്‍മ്മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും ഉത്തമമാണെന്നാണ് പറയുന്നത്.
   
ആകാശത്തു നിന്നു വീഴുന്ന മഴവെള്ളം ദേഹത്തു വീഴാനിടയായാല്‍ ശരീരായാസം കൊണ്ടുള്ള തളര്‍ച്ച, ദാഹം,  ക്ഷീണം, മടി, മോഹാലസ്യം, ഉറക്കക്കുറവ്, ശരീരത്തിലെ പുകച്ചില്‍ എന്നിവയെ ശമിപ്പിക്കാമെന്നും ആയുര്‍വേദം പറയുന്നു. കഠിനമായ ചൂടുമൂലം ഉണ്ടാകുന്ന പല ശാരീരിക വ്യതിയാനങ്ങളെയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലായ്മചെയ്യാന്‍ കഴിയുമെന്നാണു പ്രകൃതി ചികിത്സകര്‍ പറയുന്നത്. 
 
മറ്റുള്ള വെള്ളങ്ങളെ അപേക്ഷിച്ച് മഴവെള്ളം ഉത്തമമാണെങ്കിലും എല്ലാ മഴവെള്ളവും അപ്രകാരമല്ല. ആദ്യം പെയ്യുന്ന മഴയുടെ വെള്ളം കുളിക്കാനോ കുടിക്കാനോ ഉപയോഗിച്ചാല്‍ അത് പല രോഗങ്ങള്‍ക്കും ഇടയാക്കും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്. ഭൂമിയില്‍ വീണാല്‍ ദേശകാലങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആസിഡ്മഴയും മറ്റുമുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക