ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ... കുഞ്ഞുവാവ സുഖമായി ഉറങ്ങും !

ബുധന്‍, 22 മാര്‍ച്ച് 2017 (14:10 IST)
കുഞ്ഞുങ്ങള്‍, പ്രത്യേകിച്ചും നവജാത ശിശുക്കള്‍ ഒരുപാട് സമയം ഉറങ്ങാറുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. കുഞ്ഞിനെ നല്ല രീതിയില്‍ ഉറക്കണമെങ്കില്‍ പല കാര്യങ്ങളും ചെയ്യേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനെ നല്ലപോലെ ഉറക്കാനുള്ള ചില വഴികളെക്കുറിച്ചറിയാം.  
 
കുഞ്ഞിന് ഉറങ്ങാന്‍ മൃദുവായ മെത്ത പ്രധാനമാണ്. കുഞ്ഞിന്റെ ചര്‍മത്തെ ബാധിയ്ക്കാത്ത നല്ല മെത്ത തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞിനുറങ്ങാന്‍ സൗകര്യപ്രദമായ വസ്ത്രങ്ങളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ചൂടുകാലത്ത് കോട്ടന്‍ വസ്ത്രങ്ങളും തണുപ്പില്‍ സ്വെറ്റര്‍ പോലുള്ളവയും നല്ലതാണ്. 
 
കുഞ്ഞിന് അലോസരമില്ലാത്ത രീതിയില്‍ ഉറങ്ങാന്‍ പറ്റിയ സ്ഥലം തിരഞ്ഞെടുക്കണം. വായുസഞ്ചാരമുള്ളതും അധികം ചൂടും തണുപ്പുമില്ലാത്തതും ശബ്ദങ്ങളില്ലാത്തതുമായ സ്ഥലമാണ് നല്ലത്. കുഞ്ഞിന് സാധാരണ ഉറക്കം വരുന്ന സമയം കണ്ടെത്തുകയും ഈ സമയത്ത് ഉറക്കുന്നതും ശീലമാക്കണം. 
 
കുഞ്ഞിനെ ഉറക്കുന്നിടത്ത് ചെറിയ വെളിച്ചം നല്ലതാണ്. ഇത് കുഞ്ഞിന് ഭയം തോന്നാതിരിക്കാന്‍ സഹായകമാണ്.  കുഞ്ഞുങ്ങളെ ഉറക്കുന്ന സ്ഥലം വൃത്തിയുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ ഡയപ്പര്‍ ധരിപ്പിക്കുകയോ മൂത്രത്തുണി ഇടയ്ക്കിടെ മാറ്റുകയോ ചെയ്യണം. ഇത്തരത്തിലുള്ള നനവ് കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കും.
 
നല്ല ഉറക്കത്തിന് കുഞ്ഞിന്റെ വിശപ്പു മാറ്റേണ്ടതും വളരെ അത്യാവശ്യമാണ്. വിശപ്പ് കുഞ്ഞിന്റെ ഉറക്കം കെടുത്തും. അതുപോലെ കുഞ്ഞിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. കോള്‍ഡോ മറ്റോ ഉണ്ടെങ്കില്‍ ഇതിനായുള്ള പ്രതിവിധികള്‍ കൈക്കൊള്ളേണ്ടതും വളരെ അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക