പ്രായം എത്രയായാലും എല്ലാവർക്കും പേടിയുണ്ടാകും. പ്രേത സിനിമകൾ കണ്ട് പേടിയ്ക്കുന്നത് നിങ്ങൾ കൊച്ചുകുട്ടി ആയതു കൊണ്ടല്ലല്ലോ?. ഉള്ളിന്റെ ഉള്ളിൽ ഭയമെന്ന വികാരം അടിഞ്ഞ് കിടക്കുന്നതു കൊണ്ടല്ലേ. അപ്പോൾ കുട്ടികളുടെ കാര്യം പറയണോ?. പരീക്ഷപേടി, പട്ടിയെ പേടി, പൂച്ച മാന്തുമോ എന്ന പേടി, ഇരുട്ടിനെ പേടി, അപരിചിതരെ പേടി... അങ്ങനെ നീളുന്നു.
കുട്ടികളുടെ കണ്ണും കാതും മനസ്സും കൂടുതൽ ഉണർന്നിരിയ്ക്കുന്നത് ഇരുട്ടത്താണ്. അതുകൊണ്ട് തന്നെ, മായക്കാഴ്ചകളും ഇല്ലാത്ത ശബ്ദങ്ങളും ഇരുളിൽ നിന്ന് അവർ മെനഞ്ഞെടുക്കും. ഇരുളിന്റെ മറവിൽ നിശബ്ദതയിൽ ഓരോന്ന് ചിന്തിച്ച് കൂട്ടാതെ അവരെ പരിപാലിക്കാൻ അമ്മമാർക്കേ കഴിയൂ. ഉറക്കത്തിൽ പേടിച്ചലറി വിളിയ്ക്കാതിരിയ്ക്കാൻ ചെറിയ ഒരു ലൈറ്റ് മുറിയിൽ ഇടുക.
കുട്ടികളുടെ പേടിയേയും കുരുന്ന് നൊമ്പരങ്ങളെയുംകുഞ്ഞായിക്കാണാതെ അർഹിക്കുന്ന ഗൌരവത്തിൽ കാണണം. ലൈറ്റിന്റെ അഭാവത്തിൽ അവർ കിടക്കുന്ന മുറി, വേറെയേതൊ വിചിത്ര ലോകമല്ലെന്നും പകലിൽ അവർ കണ്ട് പരിചയിച്ച അതേ ചുവരുകളും വാതിലും ജനലുകളുമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുക.