'ജീവിക്കാന്‍ വേണ്ടി ഭക്ഷിക്കുക, ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കരുത്' എന്നാണ് പൊതുവെ നാം കേട്ടിട്ടുള്ളത്. അത് നൂറ് ശതമാനം ശരിയുമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണം കഴിക്കണം, അതേസമയം ആരോഗ്യത്തെ അപകടത്തിലാക്കുന്ന ഭക്ഷണ രീതിയോട് നോ പറയണം. ഓരോ നേരത്തും കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് കൃത്യമായ ബോധ്യം വേണം.
വയര്‍ നൂറ് ശതമാനം നിറയുന്നതു വരെ ഭക്ഷണം കഴിക്കരുത്. വിശപ്പ് മാറുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അത് ബോധ്യപ്പെടും. ഭക്ഷണം അമിതമായാല്‍ ഉദരഭാഗത്തെ പേശികള്‍ വലിയാന്‍ തുടങ്ങും. വയറ് വികസിക്കുന്ന അവസ്ഥ വരെ ഭക്ഷണം കഴിക്കരുത്. വിശപ്പ് ശമിച്ചു എന്നു തോന്നിയാല്‍ ഉടന്‍ ഭക്ഷണം നിര്‍ത്തുക. വിശപ്പ് മാറുമ്പോള്‍ ശരീരം ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ആവശ്യത്തിനുള്ള ഭക്ഷണം കഴിച്ചതായി നിങ്ങളുടെ തലച്ചോറും പ്രതികരിക്കും. ഈ നിമിഷം ഭക്ഷണം അവസാനിപ്പിക്കാനുള്ളതാണ്. വിശപ്പ് മാറിയെന്ന് ബോധ്യമായിട്ടും ഭക്ഷണം തുടര്‍ന്നാല്‍ വയര്‍ വീര്‍ക്കാന്‍ തുടങ്ങും.