രാവിലെ നേരത്തേ എണീക്കാൻ എന്തു ചെയ്യണം ? വെറും 21 ദിവസം കൊണ്ട് നിങ്ങൾ നിങ്ങളല്ലാതായി മാറും !
ബുധന്‍, 26 ജൂണ്‍ 2019 (10:34 IST)
എത്ര ആഗ്രഹിച്ചാലും ചിലർക്ക് നടക്കാത്ത കാര്യമാണ് രാവിലെ നേരത്തേ എണീക്കുക എന്നത്. 11 മണി വരെ കിടന്നുറങ്ങുന്നവരുടെ അന്നത്തെ ദിവസം ചടഞ്ഞതായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതാണ്. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നംകണ്ടുറങ്ങും.
അതിരാവിലെ ഉണരണമെന്നും ജോലികള്‍ ചെയ്യാനാരംഭിക്കണമെന്നുമെല്ലാം നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ ചില മാര്‍ഗങ്ങളുണ്ട്. മൊബൈൽ ഫോണിൽ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക. അപ്പോൾ എന്തൊക്കെയാണെങ്കിലും എഴുന്നേറ്റ് പോയി അലാറം ഓഫ് ചെയ്യേണ്ടതായി വരും.
എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. ആരോഗ്യത്തിന് അത് നല്ലതാണെന്നതിലുപരി, വീണ്ടും ഉറക്കത്തിലേക്ക് വീഴാനുള്ള സാധ്യത മാറ്റുകയും ചെയ്യാം. തന്‍റെ സുഹൃത്തും, തന്നേപ്പോലെ തന്നെ മടിയനുമായ ഒരാളെ എണീറ്റയുടന്‍ ഫോണ്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്ത് അയാളെയും എഴുന്നേല്‍പ്പിക്കാം. ഒരുമിച്ച് ഓടാന്‍ പോകാന്‍ പ്ലാന്‍ ചെയ്യാം.
അതിരാവിലെ ഉണരണമെന്ന് ആഗ്രഹിക്കുകയും ഉണരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് മടികൊണ്ടുമാത്രമല്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം കിട്ടുന്നുണ്ടാവില്ല. അങ്ങനെയെങ്കില്‍ നേരത്തേ കിടക്കാന്‍ ശ്രമിക്കുക. കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുമെന്ന് അറിയാമോ? വ്യായാമം ചെയ്യാത്ത ശരീരത്തെ വേഗം ഉറക്കവും മടിയും പിടികൂടുമെന്ന് അറിയാമോ? ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം.
എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാകുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉണരാന്‍ കഴിയുകയും ചെയ്യും.
എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. വേണമെങ്കില്‍ ആദ്യം ഒരു പുസ്തകം വായിക്കാം. ബൈബിള്‍ പോലുള്ള മതഗ്രന്ഥമാകാം. അല്ലെങ്കില്‍ നിങ്ങളെ ഇന്‍സ്പയര്‍ ചെയ്ത ആരുടെയെങ്കിലും ജീവചരിത്രമാകാം. ഏതെങ്കിലും സെല്‍ഫ് ഹെല്‍പ് ബുക്കാകാം. ഒരുണര്‍വ്വ് ലഭിച്ചുകഴിഞ്ഞാലുടന്‍ എക്സര്‍സൈസ് വസ്ത്രങ്ങള്‍ ധരിച്ച് ഒരു വാംഅപ് നടത്താം. ഊര്‍ജ്ജസ്വലമായ ഒരു ദിവസത്തിലേക്ക് അങ്ങനെ വളരെ വേഗം ഓടിക്കയറാം.