ഒരു ചിരികണ്ടാല്‍, പുഞ്ചിരികണ്ടാല്‍ അതുമതി...

തിങ്കള്‍, 9 ഏപ്രില്‍ 2018 (14:22 IST)
ഒരു ചിരി കണ്ടാല്‍ അതു മതി, എത്ര വിഷമം ഉണ്ടെങ്കിലും ഒരു നല്ല ചിരി അതെല്ലാം മാറ്റിയെടുക്കും. ചിരിക്കുമ്പോള്‍ നിരയൊത്ത പല്ലുകള്‍ കൂടിയുണ്ടെങ്കിലോ, ആ ചിരി കൂടുതല്‍ സുന്ദരമാകും അല്ലേ? നിരയൊത്തതും സുന്ദരവുമായ പല്ലുകള്‍ വെറുതെ കിട്ടുന്നതല്ല. അതിന് ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. 
 
ദന്തസംരക്ഷണത്തിന് ചില മാര്‍ഗങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.
 
1. ചുക്ക്‌, കുരുമുളക്‌, തിപ്പലി ഇവ പൊടിച്ച്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊള്ളുക.
 
2. എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ തന്നെ വാ കഴുകുക. പല്ലുകള്‍ക്കുള്ളില്‍ ഒന്നും തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ദന്തക്ഷയത്തിന് കാരണമാകും.
 
3. വായ്‌നാറ്റം ഒഴിവാക്കാന്‍ പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച്‌ വായിലേക്ക്‌ പുക പിടിക്കുക.
 
4. ഗ്രാമ്പൂ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊണ്ടാല്‍ വായ്‌നാ‍റ്റം മാറും.
 
5. ഉപ്പും ഉമ്മിക്കരിയും ചേര്‍ത്ത്‌ തേയ്‌ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ്‌രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം.
 
6. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത്‌ പല്ലുകളുടെ ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മുട്ടയുടെ വെള്ള, മുള്ള്‌ കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്റെ സ്രോതസുകളാണ്‌.
 
7. ഇലക്കറികളും ധാന്യവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മോണയുടെ ആരോഗ്യത്തിന്‌ വെറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കാവുന്നതാണ്.
 
8. പുളിയുള്ള പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത്‌ തടയണം. പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ അത് ആവശ്യമാണ്. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല.
 
9. ഗര്‍ഭിണികള്‍ കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ കുഞ്ഞിന്‌ ഗുണപ്രദമാണ്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍