നിങ്ങളുടെ വീട്ടിൽ വളർത്തുമൃഗം ഉണ്ടെങ്കിൽ?...

വെള്ളി, 21 ഒക്‌ടോബര്‍ 2016 (14:57 IST)
ഇന്ന് വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ കുറവാണ്. ഒരു വീട്ടിൽ ഒരു പെറ്റ് ഉണ്ടായിരിക്കും. അത് പൂച്ചയോ, നായയോ, മുയലോ എന്തുമായിക്കൊള്ളട്ടെ. വീട്ടിലെ ജോലികൾ, ഓഫീസ് ജോലി ഇതെല്ലാം കഴിഞ്ഞാലും ചിലർക്ക് വളർത്തുമൃഗങ്ങളെ ഓമനിക്കാൻ സമയം ഉണ്ടാകും. യജമാനനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടി‌ട്ടുണ്ട്. ഒരുപക്ഷേ നമ്മുടെ വീട്ടിലുമുണ്ടാകും ഇതുപോലെ ഒരു പെറ്റ്. 
 
നാം കൊ‌ടുത്താലേ ഭക്ഷണം കഴിക്കൂ എന്ന് വാശി പിടിക്കാൻ കുട്ടികൾക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും അറിയാം. മനസ്സിന്റെ ഉള്ളിൽ കളങ്കമില്ലാതെ പ്രവൃത്തിക്കുന്നവരാണ് മക്കളെങ്കിൽ മനസ്സിൽ സ്നേഹം മാത്രം കരുതി വെച്ച് നമ്മോട് അടുപ്പം കാണിക്കുന്നവരാണ് നമ്മുടെ വീടുകളിലെ വളർത്തുമൃഗങ്ങൾ. അവർ കൂടെ ഉണ്ടെങ്കിൽ ഒരുപാട് ടെൻഷനുകളിൽ നിന്നും രക്ഷനേടാം. സന്തോഷം കണ്ടെത്താം ഒപ്പം മറ്റു ചില ഗുണങ്ങളും ഉണ്ടെന്ന് കൂട്ടിക്കോ.
 
* വളർത്തുമൃഗങ്ങളുമായി ചങ്ങാത്തം കൂടാം. തനിയെ ഇരുന്ന് സംസാരിക്കുന്നവർക്ക് ഒരു കൂട്ടാകും. ആരും സങ്കടങ്ങൾ പറയാനില്ലല്ലോ എന്ന് കരുതി വിഷമിക്കുന്നവർക്ക് ഒരു ആശ്വാസമാകും. തിരികെ സംസാരിക്കാൻ അറിയില്ലെങ്കിലും പതുക്കെ നമ്മൾ അവരുമായി ചങ്ങാത്തത്തിലാകും.
 
* വീട്ടിൽ നായക്കുട്ടി ഉണ്ടെങ്കിൽ അതുമായി ദിവസവും പ്രഭാത നടത്തത്തിനിറങ്ങുക. കൂട്ടുകൂടാൻ നിങ്ങളോടൊപ്പം മറ്റുള്ളവരും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ വളർത്തുമൃഗങ്ങൾ നമ്മളെ സഹായിക്കും. മൃഗങ്ങളെ സ്നേഹിക്കുന്നവർ നിങ്ങളോട് അടുത്തിരിക്കും.
 
* നമ്മുടെ മനസ്സിനെ ഉഷാറാക്കാൻ അവർക്ക് കഴിയും. നമ്മൾ വിഷമിച്ചിരിക്കുമ്പോൾ അവരും വിഷമിക്കുന്നുണ്ടാകും, അതുകൊണ്ടല്ലേ എപ്പോഴും നമ്മുടെ കൂടെ കറങ്ങി നടക്കുന്നത്. സിനിമകളിൽ കാണുന്ന അതേ സ്നേഹം ഒറിജിനൽ ജീവിതത്തിലും ഉള്ളതാണ്. സങ്കടം വരുമ്പോൾ നമ്മുടെ കൂടെ ചേർന്നിരുന്ന് കാലിൽ പറ്റി കിടക്കുന്ന നായകളും പൂച്ചകളും ഇന്നുണ്ട്.
 
* ചിരി പടർത്താനും വളർത്തുമൃഗങ്ങ‌ൾക്ക് കഴിയും. അതിനുദാഹരണമാണല്ലോ സോഷ്യൽ മിഡിയകളിൽ കാണുന്ന വീഡിയോകൾ. മൊബൈൽ ഫോണിൽ കാണുന്ന മീനിനെ പിടിക്കാൻ പോകുന്ന പൂച്ച. എത്ര പരിശ്രമിച്ചാലും വീണ്ടും പോകും. അതെല്ലാം സന്തോഷം നൽകുന്ന നിമിഷമാണ്. നമ്മുടെ മനസ്സി‌ന് കുളിർമയേകുന്ന നിമിഷങ്ങ‌ൾ.
 
* നമ്മൾ ആരോഗ്യവാന്മാർ ആണെന്ന് തെളിയിക്കാനും വളർത്തുമൃഗങ്ങൾ തന്നെ ധാരാളം. അവരോടൊപ്പം ചില ഗെയിമിൽ പങ്കെടുക്കുമ്പോൾ (ഓട്ടം, മത്സരം തുടങ്ങിയവ) നമ്മുടെ ശരീരത്തിന് പുത്തനുണർവ്വേകും. ഇത് വ്യായമായും കണക്കാക്കാം.
 

വെബ്ദുനിയ വായിക്കുക