ഇടവേളകളില്‍ ഭക്ഷണം കഴിക്കണം, ടൈം ടേബിള്‍ വയ്ക്കുന്നത് നല്ലത്; പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്

രേണുക വേണു

വ്യാഴം, 23 ജനുവരി 2025 (08:30 IST)
പ്രമേഹത്തെ പ്രതിരോധിക്കുന്നതില്‍ നിങ്ങളുടെ ഭക്ഷണ രീതിക്ക് വലിയ സ്ഥാനമുണ്ട്. ക്രമംതെറ്റിയ ഭക്ഷണ രീതി ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ താളം തെറ്റിക്കുന്നു. ഇക്കാരണത്താലാണ് പലരിലും പ്രമേഹം പിടിമുറുക്കുന്നത്. ഭക്ഷണം കഴിക്കുന്ന സമയം, അളവ്, ഇടവേള എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. 
 
എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലും ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിലും ഭക്ഷണം കഴിച്ചിരിക്കണം. വളരെ മിതമായ രീതിയില്‍ രാത്രി എട്ടിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 
 
പ്രമേഹം ഉണ്ടെങ്കിലും നിങ്ങള്‍ക്ക് എല്ലാ ഭക്ഷണവും കഴിക്കാം, പക്ഷേ അളവില്‍ ശ്രദ്ധ വേണം. പ്രമേഹമുള്ളവര്‍ കാര്‍ബോ ഹൈഡ്രേറ്റ് പൂര്‍ണമായി ഒഴിവാക്കുകയല്ല മിതപ്പെടുത്തുകയാണ് വേണ്ടത്. പ്രമേഹമുള്ളവര്‍ ഒരുപാട് സമയത്തേക്ക് ഭക്ഷണം പൂര്‍ണമായി ഒഴിവാക്കരുത്. മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ഇടവേളകളില്‍ വളരെ മിതമായ രീതിയില്‍ എന്തെങ്കിലും കഴിച്ചിരിക്കണം. പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുക. പൂര്‍ണമായി ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്രമേഹ രോഗികള്‍ക്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യും. ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രമേ പ്രമേഹ രോഗികള്‍ ഭക്ഷണ ക്രമീകരണം നടത്താവൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍