രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. നമ്മള്‍ നിത്യേന കഴിക്കുന്ന ആഹാരത്തിലൂടെയാണ് ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്. കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുകയാണ് ചെയ്യുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെയാണ് ഇടക്കിടെയുള്ള മൂത്രഒഴിക്കല്‍, കൂടിയ ദാഹം, ലൈംഗിക ശേഷി കുറഞ്ഞുവരുന്നതായി തോന്നല്‍, വിശപ്പ് എന്നിവ ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്.
ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവുമാണ് ഇതിനുള്ള പ്രധാന പ്രതിവിധി. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കക്കുന്നതും അളവനുസരിച്ച് മാത്രമുള്ള ഭക്ഷണക്രമവും അതിപ്രധാനമാണ്. അതോടൊപ്പം അന്നജം കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. പ്രമേഹരോഗികള്‍ക്ക് ഗോതമ്പ് ആഹാരമാണ് അരിയാഹാരത്തെക്കാള്‍ നല്ലത്. ഓട്‌സ്, റവ, റാഗി, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, മുഴു ധാന്യങ്ങള്‍, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവയും കഴിക്കാവുന്നതാണ്.