നിപ്പയ്‌ക്കൊപ്പം ഡെങ്കിപ്പനിയും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുകയാണ്. കാസർഗോഡ് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഡെങ്കിയെന്ന് സംശയമുള്ളവരുടെ എണ്ണം 361 ആണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രം 28 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
കൊതുകുകൾ പരത്തുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ് ഡെങ്കിപ്പനി. പനിയോടൊപ്പം കടുത്ത രക്തപ്രവാഹവും ഉണ്ടാകുന്നതിനാൽ കുട്ടികളടക്കമുള്ള രോഗികളെ ഇത് ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഫ്‌ളോവി വൈറസുകളാണ് ഡെങ്കിപ്പനിയ്‌ക്ക് കാരണം. ആഗോളവ്യാപകമായി പ്രതിവർഷം അമ്പത് ലക്ഷത്തിലേറെ ആളുകൾക്ക് ഡെങ്കി ബാധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാലുതരം ഡെങ്കി വൈറസുകളാണ് രോഗം പരത്തുന്നത്. പലർക്കും ഡെങ്കിയുടെ ലക്ഷണങ്ങളും പനി വരാനുള്ള കാരണങ്ങളും അറിയില്ല. അറിയേണ്ടതായ പ്രധാന കാര്യങ്ങളിതാ...
രോഗം പകരുന്നത്
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ മനുഷ്യവാസത്തിനടുത്തുള്ള ശുദ്ധജലം ലഭിക്കുന്ന സ്ഥലങ്ങളിലാണ് മുട്ടയിട്ട് വളര്‍ന്ന് വലുതാകുന്നത്. ഇവ പകല്‍ സമയത്താണ് മനുഷ്യനെ കടിക്കുക. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ 7 ദിവസങ്ങൾക്ക് ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തും. ഒരിക്കല്‍ രോഗാണുവാഹകരായി മാറുന്ന കൊതുകുകൾ തുടർന്നുള്ള കാലമത്രയും മറ്റുള്ളവരിലേക്ക് രോഗം പരത്തും. എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം. കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം, ചിക്കുംഗുനിയാ എന്നീ പനികള്‍ പകരുന്നതിനും പ്രധാന കാരണം ഈഡിസ് കൊതുകുകള്‍ തന്നെയാണ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ അമിതമായി ബാധിക്കും.
രോഗലക്ഷണങ്ങള്‍
രോഗകാരിയായ കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടികളിലും പ്രായമായവരിലും വ്യത്യസ്‌ത തരത്തിലുള്ള രോഗലക്ഷണങ്ങൾ ആയിരിക്കും. എന്നാൽ ചിലർക്ക് സാധാരണ വൈറൽ പനിയുടേതിന് സമാനമായ ലക്ഷണങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക.
കുട്ടികളിൽ ചെറിയ പനിയിൽ തുടങ്ങി ചർമ്മത്തിൽ പാടുകൾ വരെ കാണപ്പെടും. അതേസമയം പ്രായമായവരിൽ ശക്തമായ പനി, ചർമത്തിൽ ചുമന്ന് തടിച്ച പാടുകൾ, അസഹനീയമായ പേശിവേദകൾ എന്നിവ ആയിരിക്കും പ്രധാനമായും കാണുക. പനി വന്ന് 2 ദിവസങ്ങൾക്ക് ശേഷം കുറയുകയും 3-4 ദിവസങ്ങൾക്കുള്ളിൽ വീണ്ടും വന്നാൽ അത് രോഗലക്ഷണമാണ്. വീണ്ടും പനി ഉണ്ടാകുമ്പോൾ ചർമ്മത്തിൽ പ്രത്യേകിച്ച് കൈകാലുകളിൽ ചുമന്ന പാടുകളും ഉണ്ടാകാം. പാടുകൾ പ്രത്യക്ഷപ്പെടുമ്പോൾ പനിയുടെ തീവ്രത കുറഞ്ഞേക്കാം. പനിയോടൊപ്പം ചുമ, ശ്വാസംമുട്ടൽ, ഉദരസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും ഉണ്ടായേക്കാം.
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടി കാണിക്കുക, മലം കറുത്ത നിറത്തിൽ പോകുക, രോഗിയിലുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ, കൈകാലുകൾ തണുത്ത് മരവിക്കുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയും ഡെങ്കിയുടെ ലക്ഷണമാണ്.
രോഗിക്ക് പരിപൂർണ വിശ്രമവും ആവശ്യത്തിനു പോഷകാഹാരവും ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഇത് ക്ഷീണം കുറയ്ക്കുവാനും നിർജ്ജലീകരണത്തെത്തുടർന്നുള്ള സങ്കീർണതകൾ അകറ്റാനും സഹായിക്കും. ചികിത്സയ്ക്കായി ആസ്പിരിൻ, ആന്റി ബയോട്ടിക്കുകൾ എന്നിവ നൽകാറില്ല. ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്സിൻ നിലവിലില്ല, അതിനാൽ ഈ സാഹചര്യത്തിൽ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ കൊതുകുകൾ പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കാം. പനി പൂർണമായും ഭേദമാകുന്നതു വരെ രോഗിയെ ശ്രദ്ധയോടെ പരിചരിക്കണം.