മദ്യം ഒരു മോശപ്പെട്ട ദൂതനാണ്, ഓരോ 96 മിനിട്ടിലും മദ്യമെന്ന കാലൻ എടുക്കുന്നത് ഒരു ജീവൻ
വ്യാഴം, 26 മെയ് 2016 (14:21 IST)
‘മദ്യം ഒരു മോശപ്പെട്ട ദൂതനാണ്; അവനെ പറഞ്ഞയക്കുന്നത് ആമാശയത്തിലേക്കാണെങ്കിലും എത്തിച്ചേരുന്നത് തലച്ചോറിലാണ്’ എന്ന് അറബി ഭാഷയിൽ ഒരു ചൊല്ലുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലാണ് നമ്മുടെ രാജ്യത്തിലെ മദ്യപാനികളുടെ പോക്ക്. മനുഷ്യന്റെ ചിന്താശേഷിയേയും സ്വബോധത്തേയും മദ്യപാനം ഇല്ലാതാക്കുന്നു.
വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ലാഭമൊന്നും ഉണ്ടാക്കാതെ നഷ്ടം മാത്രമാണ് മദ്യം ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ശാരീരികവും മാനസികവും സാംസ്കാരികവുമായ നിരവധി പ്രത്യാഘാതങ്ങളാണ് മദ്യപാനാസക്തി ക്ഷണിച്ചുവരുത്തുന്നത്. മദ്യപിക്കാത്തവരെ അപേക്ഷിച്ച്, മദ്യപാനികളില്‍ കാന്‍സര്‍ രോഗം വരാനുള്ള സാധ്യത പത്തിരട്ടി വരെ കൂടുതലാണ്.
ഓരോ ദിവസവും 15 പേരാണ് ഇന്ത്യയിൽ മദ്യപാനം മൂലം മരിച്ച് കൊണ്ടിരിക്കുന്നത്. അതായത് ഓരോ 96 മിനിട്ടിലും ഒരാൾ വീതം. ഒരു മാസത്തെ കണക്കുകൾ എടുത്താൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും മദ്യം എത്ര വലിയ വിപത്താണെന്ന്. എൻ സി ആർ ബി നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ തെളിഞ്ഞത്. 20 വർഷത്തിനിടെ മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ 55 ശതമാനമാണ് വർധനവുണ്ടായത്.
ഇന്ത്യയിലെ കൊലപാതകങ്ങളില്‍ 84%വും കവര്‍ച്ചകളില്‍ 75%വും ബലാല്‍സംഗങ്ങളില്‍ 69%വും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ വാഹനാപകടങ്ങളില്‍ അഞ്ചിലൊന്നും നടക്കുന്നത് മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമാണ്. മദ്യലഹരിയില്‍ അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചുവരുന്നു.
മദ്യപാനം മൂലമുണ്ടാകുന്ന തൊഴില്‍ പ്രശ്നങ്ങളും രാജ്യത്ത് കൂടിവരികയാണ്. ലോകാരോഗ്യ സംഘടന 2004ല്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയത്, മദ്യപാനം മൂലമുള്ള തൊഴില്‍ പ്രശ്നങ്ങള്‍ കാരണമായി ഓരോ വര്‍ഷവും 70000 മുതല്‍ 80000 മില്യണ്‍ രൂപ വരെ നമുക്ക് നഷ്ടമാകുന്നെന്നാണ്. മദ്യപാനം മൂലമുണ്ടാകുന്ന ദോഷങ്ങളുടെ കണക്കുപ്രകാരം രാജ്യത്ത് തൊഴിലാളികള്‍ കൃത്യമായി ജോലിക്കെത്താത്തതിന് ഒരു കാരണമായി (20%) കണക്കാക്കുന്നത് മദ്യപാനമാണ്. തൊഴിലിടങ്ങളിലെ 40% അപകടങ്ങള്‍ക്ക് കാരണം മദ്യപിച്ച് ജോലിക്കെത്തുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.