സ്വന്തം ചോരയില്‍ ജനിക്കാത്ത കുട്ടികളെയാണോ നിങ്ങള്‍ വളര്‍ത്തുന്നത് ?; അവരോട് ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍!

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (11:52 IST)
രണ്ടാനമ്മമാരെക്കുറിച്ചും രണ്ടാനച്ഛന്മാരെകുറിച്ചും നാം കേള്‍ക്കുന്നതെല്ലാം ക്രൂരതയുടെ കഥകളാണ്. ക്രൂരതയുടെ മറ്റൊരു വകഭേദമായിട്ടാണ് പലപ്പോഴും ഇവരെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയല്ലാത്തവരും ധാരാളമാണ്.  തന്നില്‍ പിറക്കാത്ത കുട്ടികളോട് ക്രൂരത കാണിക്കാത്ത ഇത്തരം അച്ഛനമ്മമാര്‍ നമുക്കു ചുറ്റും ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. ദ്രോഹങ്ങളില്ലാത്ത മനസ്സില്‍ സ്നേഹമുള്ള ഇവരെപ്പോലെയുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടന്നെതാണ് യാഥാര്‍ത്ഥ്യം. അത്തരക്കാരെ നമ്മള്‍ കാണുന്നില്ലെന്നതാണ് സത്യം. മനസ്സില്‍ സ്നേഹത്തിന്റെ കണിക സൂക്ഷിക്കുന്ന, ഒരുപക്ഷെ തന്റെ വയറ്റില്‍ പിറന്ന മക്കളെക്കാളുപരി, ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കളെ സ്നേഹിക്കുന്ന രണ്ടാനമ്മമാരും നമ്മുടെ ഇടയില്‍ ഉണ്ടെന്നത് ഒരു സത്യമാണ്.
 
തങ്ങളുടേതല്ലാത്ത കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്ന മാതാപിതാക്കളും ഇത്തരത്തിലായിരിക്കും ആ കുട്ടികളോട് പെരുമാറുന്നത്. അത്തരം രക്ഷിതാക്കള്‍ കുട്ടികളോട് ചെയ്യേണ്ടതും അല്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്. അതെല്ലാം വേണ്ട വിധത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ ആ ബന്ധത്തില്‍ ദൃഡത ഉണ്ടാകുകയുള്ളൂ. എന്തെല്ലാം കാര്യങ്ങളാണ് അത്തരം മക്കളോട് രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്ന് നോക്കാം
 
ആദ്യമായി ചെയ്യേണ്ടത് ഇത്തരം കുട്ടികളോട് മൃദു സമീപനം സ്വീകരിക്കുകയെന്നതാണ്. അല്ലാതെ അനാവശ്യമായി ദേഷ്യപ്പെടുകയോ ആവശ്യമില്ലാതെ അവരോട് രൂക്ഷമായ രീതിയില്‍ പെരുമാറുകയോ ചെയ്യരുത്. എല്ലായ്പോഴും വളരെ പ്രസന്ന ഭാവത്തോടെ പെരുമാറുകയും തങ്ങള്‍ എല്ലായ്പ്പോളും അവരോടൊപ്പമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. അതുപോലെതന്നെ അവര്‍ ആഗ്രഹിക്കുന്ന സമ്മാനങ്ങള്‍ നല്‍കാന്‍ അവര്‍ക്കായി നല്‍കുകയും ചെയ്യണം. എന്നാല്‍ പരസ്പരമുള്ള ബന്ധം ദൃഡമാകുകയും ചെയ്യുന്നു.
 
എല്ലാകാര്യങ്ങളും കുട്ടികളുമായി സംസാരിക്കാന്‍ തയ്യാറാകുക. അതായത് എന്തെല്ലാം ചെയ്യണം എന്തെല്ലാം ചെയ്യാന്‍ പാടില്ല, എപ്പോളാണ് ഹോം വര്‍ക്ക് ചെയ്യേണ്ടത്, എപ്പോള്‍ ഉറങ്ങണം തുടങ്ങിയ കാര്യങ്ങളെല്ലാം അവരുമായി സംസാരിച്ചു മനസ്സിലാക്കി കൊടുക്കുക. കൂടാതെ യഥാര്‍ത്ഥ അച്ഛനമമ്മമാരെകുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക. അവര്‍ ആരായിരുന്നു എന്ന കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്ത ശേഷം എന്തും നേരിടാവുന്ന തരത്തിലേക്ക് അവരെ പ്രാപ്തരാക്കുക. കഴിയുമെങ്കില്‍ വീട്ടിലെ എല്ലാവരും ചേര്‍ന്ന് ആഴ്ചയിലൊരിക്കല്‍ പുറത്തുപോകുകയോ പുരത്തുനിന്നും ഭക്ഷണം കഴിക്കുകയോ ഷോപ്പിങ്ങ് നടത്തുകയോ മറ്റുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുക.
 
നിങ്ങളുടെ വീട്ടിലേക്ക് മറ്റൊരു അഥിതി, അതായത് നിങ്ങളുടെ സ്വന്തം ചോരയില്‍ ഒരു കുഞ്ഞു ജനിച്ചാല്‍ ഈ ദത്തുമക്കളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തരുത്. അത് നിങ്ങളില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എല്ലാവരും സ്വന്തം മക്കളാണെന്ന രൂപത്തിലായിരിക്കണം നിങ്ങള്‍ അവരോടു പെരുമാറേണ്ടത്. ദത്തുമക്കളോട് അതിരുവിട്ട രീതിയില്‍ ഒരിക്കലും അതിക്രമം കാണിക്കരുത്. ഇത് അവരില്‍ അനാഥരാണെന്ന തോതല്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ഈ ഒരു ചിന്ത അവരില്‍ വളര്‍ന്നു വന്നാല്‍ നിങ്ങള്‍ എന്റെ യഥാര്‍ത്ഥ അച്ഛനോ അമ്മയോ അല്ലയെന്ന് അവര്‍ പറയുന്നത് നിങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നേക്കാം. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article