നിങ്ങള്‍ക്ക് ശ്വാസതടസമുണ്ടാകുന്നുണ്ടോ? പൊടിയും തണുപ്പും അലര്‍ജിയാണോ? - എങ്കില്‍ വായിക്കുക...

വെള്ളി, 29 ജൂലൈ 2016 (21:16 IST)
ഓരോ തവണയും മൂക്കിലൂടെ വലിച്ചെടുക്കുന്ന പ്രാണവായു ശ്വസന നാളത്തിലൂടെ അകത്തേക്ക് പ്രവേശിച്ച് ശ്വാസകോശത്തിലേക്ക് എത്തണം. ഇങ്ങനെ ശരീരത്തിലേക്ക് എത്തുന്ന ഓക്‌സിജന്‍ രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയാല്‍ മാത്രമേ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയുള്ളു. പക്ഷെ അങ്ങനെ ശരീരത്തിന് അകത്തേക്ക് വലിച്ചെടുക്കുന്ന വായു മാലിനവും ശ്വാസകോശത്തിലേക്ക് പ്രാണവായു എത്തിക്കേണ്ട അവയവങ്ങളില്‍ തടസം നേരിടുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ. അപ്പോള്‍ ശ്വാസോച്ഛ്വാസം വേഗത്തിലാവുകയും ചിലപ്പോള്‍ ശ്വാസതടസം കാരണം ചുമയ്ക്കുകയും വരെ ചെയ്‌തേക്കാം. 
 
ഒരര്‍ത്ഥത്തില്‍ ഈ അവസ്ഥ തന്നെയാണ് ആസ്മയും. ബാക്ടീയയുടെയോ വൈറസിന്റെയോ അക്രമണം മൂലം ശ്വസനാവയവങ്ങളില്‍ തടസ്സം നേരിടുന്ന അവസ്ഥയാണ് ബ്രോങ്കൈറ്റിസ്. ദീര്‍ഘകാലം പൊടിപടലവും പുകയുള്ള അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ക്കും, പുകവലിയ്ക്കുന്നവരിലുമാണ് ബ്രോങ്കൈറ്റിസ് ബാധിക്കുന്നത്. ശ്വസനാവയവങ്ങള്‍ക്കിരുവശവുമുള്ള മസിലുകള്‍ കൂടുതല്‍ ദൃഢമാകുന്ന അവസ്ഥയാണ് ആസ്ത്മ. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശ്വസനപ്രക്രിയ സുഗമമാവുകയില്ല. ശ്വസന നാളവും ശ്വസനാവയവങ്ങളും ചുരുങ്ങി പോവുകയും ചെയ്യും. 
 
പുകയില ഉപയോഗം, പുകവലി, മലിനീകരണം, പൂപ്പല്‍, പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമം, ചില ഭക്ഷണ പഥാര്‍ത്ഥങ്ങള്‍, രാസവസ്തുക്കള്‍, ചില മരുന്നുകള്‍(അസ്പിരിന്‍, ബീറ്റ-ബ്ലോക്കേര്‍സ്), വ്യായാമം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, വൈറസ്- ബാക്ടീരിയാ അണുബാധ, ചില മാനസികാവസ്ഥ എന്നില ബ്രോങ്കൈറ്റിസ്, ആസ്ത്മ പോലുള്ള ശ്വസന അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാണ്. 
 
ആസ്ത്മ ബ്രോങ്കൈറ്റിസ് ലക്ഷണങ്ങള്‍ പലരിലും പലരീതിയിലാണ് ഉണ്ടാവുക. ചിലപ്പോള്‍ ചില ലക്ഷണങ്ങള്‍ മാത്രവും, മറ്റ് ചിലപ്പോള്‍ എല്ലാ ലക്ഷണങ്ങളും രോഗി പ്രകടിപ്പിച്ചെന്ന് വരും. ശ്വാസം മുട്ടല്‍, ശ്വാസ തടസ്സം, ചുമ, നെഞ്ചുവേദന എന്നിവയും ചിലപ്പോള്‍ വായില്‍ നിന്ന് നുരയും പതയും വരെ വന്നേക്കാം. ബ്രോങ്കൈറ്റിസ് പകര്‍ച്ച വ്യാധിയാണോ എന്ന ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ രോഗിയില്‍ നിന്നും ഒരിക്കലും ഈ രോഗങ്ങള്‍ പകരില്ല. മറിച്ച് അണുബാധയേല്‍ക്കാല്‍ സാധ്യതയുള്ള രീതിയിലുള്ള ജീവിതം തീര്‍ച്ചയായും ഒരാളെ ശ്വസന രോഗികളാക്കിയേക്കാം.

വെബ്ദുനിയ വായിക്കുക