തൊറാസിസ് ധമനിയില്‍ സംഭവിക്കുന്ന ഗുരുതരമായ ധമനീവീക്കത്തിന് അത്യപൂര്‍വ്വമായ ശസ്ത്രക്രിയ നടത്തിയ ചെന്നൈയിലെ മിയോട്ട് ആശുപത്രിക്ക് വൈദ്യശാസ്ത്ര രംഗത്ത് സുവര്‍ണ്ണ കാല്‍വെപ്പ്. ഡോ. വി വി ബാഷിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് 37 വയസ്സുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള യുവാവില്‍ അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയത്. അതി കഠിനമായ പുറം വേദനയും ഉയര്‍ന്ന രക്ത സമര്‍ദ്ദവുമായ് യുവാവ് 2005 നവംബര്‍ 4നാണ് മിയോട്ട് ഹോസ്‌പിറ്റലില്‍ എത്തുന്നത്. മഹാധമനി വാല്‍വില്‍ വലിയ ചോര്‍ച്ചയുള്ളതായി കണ്ട്‌ത്തിയതിനെ തുടര്‍ന്ന് അടിയന്തരമായ ശസ്ത്രക്രിയക്ക് യുവാവിനെ വിധേയമാക്കി. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ഇയാള്‍ വീണ്ടും കഠിനമായ പുറം വേദനയുമായി ഡോക്ട്‌ര്‍മാരെ സമീപിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ വീക്കത്തെ തുടര്‍ന്ന് മഹാധമനി ചുരുങ്ങുന്നതായും തൊറാസിസ് ധമനിയില്‍ ചോര്‍ച്ചയുള്ളതായും കണ്ടെത്തി.
സാധാരണയായി രണ്ട് ശസ്ത്രക്രിയകളായാണ് ഈ രോഗത്തെ ചികത്സിക്കാറുള്ളത്. ഇത് കൂടുതല്‍ അപകടസാധ്യതയുള്ളതായതിനാല്‍ ഡോക്ടര്‍മാര്‍ നൂതനമായ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കുകയായിരുന്നു. അതിസൂക്ഷ്മമായി തയാറാക്കിയെടുത്ത ഹൈബ്രിഡ് ഗ്രാഫ്റ്റ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടന്നത്. ഇന്ത്യയില്‍ ആദ്യമായാണ് എവിറ്റ എന്ന ഹൈബ്രിഡ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തുന്നത്.
ഹൃദയ - ശ്വാസകോശ മെഷീനില്‍ ബന്ധിപ്പിച്ച ശേഷം നെഞ്ച് തുറക്കുകയായിരുന്നു ശസ്ത്രക്രിയുടെ ആദ്യ പടി. എന്‍ഡോവാസ്കുലര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തൊറാസിക്ക് ധമനിയില്‍ എവിറ്റ ഗ്രാഫ്റ്റ് പിടിപ്പിച്ചത്. ഇതോടെ ധമനീവീക്കം പുതിയ ഹൈബ്രിഡ് ഗ്രാഫ്റ്റ് ഉപയോഗിച്ച് ഒറ്റ ശസ്ത്രക്രിയയാല്‍ ഇന്ത്യയില്‍ തന്നെ ഭേദമാക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ചുള്ള 100 ഓളം ശസ്ത്രക്രിയകളാണ് ഇതു വരെ നടന്നിട്ടുള്ളത്. ഓപ്പറേഷന്‍ നടത്തിയ രോഗികളില്‍ അസുഖം പൂര്‍ണ്ണമായും ഭേദമായതായാണ് കണ്ട് വരുന്നത്.
ഡോക്ടര്‍മാരായ ഹരിലാല്‍, കണ്ണന്‍ ആര്‍ നായര്‍, ദിലിപ്കുമാര്‍, റേഡിയോളജിസ്റ്റ് ഡോ. മുരളി, കാര്‍ഡിയോളജിസ്റ്റ് ഡോ. കെ ശിവകുമാര്‍, അനസ്തേഷ്യോളജിസ്റ്റുകളായ അജു ജേക്കബ്, ജ്യോത്സ്ന, ശങ്കര്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.