കൌമാരക്കാരില്‍ മദ്യം പെരുമാറ്റവൈകല്യങ്ങളുണ്ടാക്കും

ശനി, 18 ജൂലൈ 2009 (17:31 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ട് അധികനാള്‍ ആയിട്ടില്ല. വിശേഷ ദിവസങ്ങളിലും സൌഹൃദ കൂട്ടായ്‌മകളിലും മദ്യം പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. മദ്യത്തെ വിപത്താ‍യി കണ്ടിരുന്ന കാഴ്‌ചപ്പാടില്‍ നിന്ന് മാറി അതിന് അകത്തളങ്ങളിലേക്കും പ്രവേശനം ഉണ്ടായിരിക്കുന്നു.
WDWD

കേരളത്തില്‍ മദ്യപാ‍നത്തെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ സ്‌ത്രീകളും ഈ രംഗത്ത് ഒട്ടും പിന്നിലല്ല എന്ന് കണ്ടെത്തിയിരുന്നു. ഉപരി വര്‍ഗ കുടുംബങ്ങളില്‍ കണ്ടുവന്നിരുന്ന ഈ ശീലം ഇപ്പോള്‍ മധ്യവര്‍ഗ കുടുംബങ്ങളിലേക്കും വ്യാപിക്കുകയാണ്. എന്നാല്‍ ചേട്ടന്‍മാരുടേയും ചേച്ചിമാരുടെയും ഈ (ദു)ശീലം കണ്ട് കൌമാരക്കാര്‍ ആരും ശീലം അനുകരിക്കേണ്ട, കാരണം ഗൌരവമായ പ്രത്യാഘാതങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കൌമാരക്കാരില്‍ മദ്യപാനം വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് പഠനം നടത്തിയ നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ്‌ ആന്‍റ് ടെക്‍നോളജിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം മദ്യപാനം പതിവാക്കുന്ന കൌമാരക്കാര്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയരാകുമെന്നും ക്രമേണ വിഷാദ രോഗത്തിന് അടിമപ്പെടുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

13 വയസ് മുതല്‍ 19 വയസുവരെയുള്ള 9000 കൌമാരക്കാര്‍ക്കിടയിലാണ് വിദഗ്ദ്ധരുടെ സംഘം പഠനം നടത്തിയത്. ഏതാണ്ട് 80 ശതമാനത്തോളം കൌമാരക്കാര്‍ മദ്യം ഒരു തവണയെങ്കിലും രുചിച്ച് നോക്കിയിട്ടുണ്ട് എന്നഭിപ്രായപ്പെട്ടപ്പോള്‍ 20 ശതമാനം പേര്‍ 10 തവണയില്‍ കൂടുതല്‍ അത് ഉപയോഗിച്ചവരായിരുന്നു.

സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ആണ്‍‌കുട്ടികളില്‍ വിഷാദത്തിനും മാനസിക പിരിമുറുക്കത്തിനും പുറമേ പ്രധാനമായും പെരുമാറ്റ വൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി പഠനത്തില്‍ വ്യക്തമായി. അതേ സമയം പെണ്‍കുട്ടികളിലാകട്ടെ പെരുമാറ്റ വൈകല്യത്തിനൊപ്പം ശ്രദ്ധക്കുറവും പ്രത്യക്ഷപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മദ്യപാനം സൃഷ്‌ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും കൌമാരക്കാരെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളി‌വിടുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ശരിയായ അവബോധം കുട്ടികളില്‍ സൃഷ്‌ടിക്കുക മാത്രമാണ് ഇതിനുള്ള പോം‌വഴി എന്നും രക്ഷാകര്‍ത്താക്കളുടെയും അധ്യാപരുടേയും ശ്രദ്ധയും പരിരക്ഷയും ഈ കാര്യത്തില്‍ ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.