കോള അമിതമായാല്‍ ബഹുവിധ രോഗം!

ബുധന്‍, 26 ഓഗസ്റ്റ് 2009 (18:05 IST)
PRO
PRO
കോളയോ കോള കലര്‍ന്ന പാനീയങ്ങളോ അമിതമായി കുടിക്കുന്നവരുടെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമെന്നും ഇതിനാല്‍ അസ്ഥി തേയ്‌മാനം ഉണ്ടാകുന്നുവെന്നും പുതിയ കണ്ടെത്തല്‍. ഗ്രീസിലെ ലോവാനിയ സര്‍‌വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ കണ്ടെത്തിയത്. പഠനത്തില്‍ നിന്ന് അറിവായ വിവരങ്ങള്‍ ‘ഇന്റ‌ര്‍‌നാഷണല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ പ്രാക്റ്റീസസ്’ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദിവസവും രണ്ട് കുപ്പി കോള കുടിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കുക. ദന്തരോഗങ്ങള്‍, അസ്ഥി തേയ്‌മാനം, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, പ്രമേഹം എന്നിവയൊക്കെ നിങ്ങളെ കാത്തിരിക്കുന്നു. കുടിക്കാന്‍ ഏറെ രസകരവും രുചികരവുമാണെങ്കിലും അമിതമായാല്‍ കോളയൊരു ആളെക്കൊല്ലിയാണെന്നാണ് പഠനസംഘത്തെ നയിച്ച മോസസ് എലിസോഫ് പറയുന്നത്.

രണ്ടോ മൂന്നോ കുപ്പി കോളയില്ലെങ്കില്‍ ഉറക്കം വരില്ലെന്ന കൂട്ടത്തിലാണോ നിങ്ങള്‍? എങ്കില്‍ ശരീരത്തിലുള്ള പൊട്ടാസ്യം അളവാണ് നിങ്ങള്‍ നശിപ്പിച്ച് കളയുന്നത് എന്നോര്‍ക്കുന്നത് നന്ന്. പൊട്ടാസ്യം അളവ് കുറഞ്ഞാല്‍ അസ്ഥി തേയ്‌മാനത്തിന് പുറമെ, പേശികള്‍ക്കും എല്ലിനും മറ്റ് രോഗങ്ങളും വരാം.

ഇനി മൂന്ന് തൊട്ട് പത്ത് കുപ്പി കോളയെങ്കിലും അടിച്ചില്ലെങ്കില്‍ മനസമാധാനം ഇല്ലാത്തയാളാണോ നിങ്ങള്‍? എങ്കില്‍ കാര്യം അല്‍‌പം കുഴപ്പം‌പിടിച്ചതാണ്. മൂന്ന് തൊട്ട് 10 കുപ്പി വരെ കഴിച്ചിരുന്നവരില്‍ നടത്തിയ പഠനഫലങ്ങള്‍ ഇവയാണ്: മൂന്ന് കുപ്പി കോള ദിനം‌പ്രതി കുടിച്ചിരുന്ന ഒരാള്‍ക്ക് ഇടക്കിടെ ഛര്‍ദ്ദി ഉണ്ടാവുക പതിവായിരുന്നു. ക്ഷീണവും വിശപ്പില്ലായ്മയും കാണപ്പെട്ടു. ഒപ്പം എല്ല് തേയ്‌മാനവും.

പത്ത് മാസങ്ങളോളം ദിവസം പ്രതി 7 കുപ്പി കോള കുടിച്ചിരുന്ന ഒരാളുടെ പേശിയിലും ഞരമ്പിലും തകരാറുള്ളതായി കാണപ്പെട്ടു. കോള നിര്‍ത്തിയതോടെ ഇയാളുടെ ശരീരം സാധാരണ അവസ്ഥയിലേക്ക് മാറാന്‍ തുടങ്ങി. കോളകുടി കാരണം ശരീരത്തിന്റെ സാധാരണ നില നഷ്ടപ്പെട്ടവര്‍ക്ക് പൊട്ടാസ്യം കുത്തിവയ്പ്പ് പരിഹാരമായി നല്‍‌കാമെന്നും പഠനഫലങ്ങളില്‍ പറയുന്നു.

പേശികള്‍, ഞരമ്പ്, ഹൃദയം എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. കോളകുടി കാരണം പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞുവരുന്നതിനാല്‍ പേശികള്‍, ഞരമ്പ്, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുന്നു. വളരെക്കാലത്തെ കോളകുടിയാല്‍ പൊട്ടാസ്യത്തിന്റെ വളരെ ഇല്ലാതാവുകയാണെങ്കില്‍ വാതം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ കൂടാതെ, മരണം വരെ സംഭവിക്കാമെന്ന് പഠനസംഘം മുന്നറിയിപ്പ് തരുന്നു.

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതിന് പകരമായി കോള വാങ്ങി നുണഞ്ഞിറക്കുമ്പോള്‍ ‘അമൃതും അധികമായാല്‍ വിഷം’ എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത് ഓര്‍മിച്ചാല്‍ ആയുസ് അല്‍‌പം നീട്ടിക്കിട്ടാം എന്ന് സാരം!

വെബ്ദുനിയ വായിക്കുക