ഒരു കുഞ്ഞ്; മാതാപിതാക്കള്‍ മൂന്ന്!

വെള്ളി, 28 ജൂണ്‍ 2013 (15:13 IST)
PRO
PRO
ഒരു കുഞ്ഞിന് മൂന്നു മാതാപിതാക്കള്‍. അതെ മൂന്ന് പേര്‍ക്ക് കൂടി ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു. ബ്രിട്ടനില്‍ ആണ് ഇത്തരമൊരു പരീക്ഷണം. മൂന്ന് പേരുടെ ജനിതകവസ്തുക്കള്‍ ചേര്‍ത്തായിരിക്കും കുട്ടിയെ സൃഷ്ടിക്കുക. ഇതോടെ അച്ഛനും അമ്മയുമെന്ന സങ്കല്‍പ്പത്തിനു തന്നെ മാറ്റം വരും.

പരീക്ഷണ ശാലയില്‍ വച്ച് കൃത്രിമ ബീജ സങ്കലനത്തിലൂടെയാണ് കുഞ്ഞിനെ ജനിപ്പിക്കുന്നത്. ഇതിന് സര്‍ക്കാരിന്റെ പിന്തുണ കിട്ടിക്കഴിഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ ഇത്തരത്തിലുള്ള ആദ്യ കുട്ടിയുടെ ജനനം ഉണ്ടാകും. ഇതോടെ അമ്മയില്‍ നിന്ന് പകര്‍ന്ന് കിട്ടുന്ന മൈറ്റോകോണ്‍ട്രിയല്‍ രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയും. ‍

ശരീരത്തില്‍ ആവശ്യമായ ഊര്‍ജജം ഉത്പാദിപ്പിക്കുകയാണ് മൈറ്റോകോണ്‍ട്രിയകളുടെ ജോലി.അമ്മയടെ അണ്ഡത്തില്‍ നിന്നാണ് ഇവ കുട്ടികളിലേക്കെത്തുന്നത്. നവജാത ശിശുക്കളില്‍ 6500 ല്‍ ഒരു കുട്ടിക്ക് മൈറ്റോകോണ്‍ട്രിയല്‍ തകരാറുകള്‍ ഉണ്ടാകാം. ഇത് മൂലം ഹൃദയാഘാതം, അന്ധത, പേശികള്‍ക്ക് ശക്തിയില്ലാതാവുക എന്നിവക്ക് സാധ്യതയുണ്ട്. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം.ഈ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ പുതിയ രീതികൊണ്ട് സാധിക്കും.

മൂന്ന്‌പേര്‍ക്ക് കൂടി ഒരു കുഞ്ഞ് എന്ന് പറയുമ്പോള്‍ അത്രക്ക് ആശങ്കപ്പെടാനൊന്നുമില്ല. മാതാപിതാക്കള്‍ക്ക് പുറമെ മറ്റൊരാളുടെ ജനിതകാംശം ചെറിയൊരു അളവില്‍ മാത്രമേ കുട്ടിയില്‍ ഉണ്ടാകൂ. മാതാപിതാക്കളില്‍ നിന്ന് കുട്ടിക്ക് 20000 ല്‍ അധികം ജീനുകള്‍ കിട്ടുമ്പോള്‍ മൂന്നാമത്തെ ആളില്‍ നിന്ന് 37 മൈറ്റോകോണ്‍ട്രിയല്‍ ജീനുകള്‍ മാത്രമേ കിട്ടൂ. എന്തായാലും ഇതിനെതിരേ കടുത്ത പ്രതിഷേധം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക